ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പങ്കാളിത്ത പെന്‍ഷനില്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിയെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബര്‍ 10 -ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സര്‍ക്കാര്‍ എടുക്കരുതെന്നും കോടതിയുടെ മുന്നറിയിപ്പ്. വിമര്‍ശനം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കെതിരെയല്ലെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗസിലിന്റെ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുരേഖയാണെന്ന് ജോയന്റ് കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ വാദിച്ചു.
എന്നാല്‍, 2021 ഏപ്രില്‍ 30-ന് ലഭിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയയും സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയും കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 2021 ഏപ്രിലില്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമെടുക്കാത്ത സര്‍ക്കാര്‍, ഇപ്പോള്‍ ഉപസമിതിയെ രൂപീകരിച്ചത് സുപ്രീം കോടതി നടപടികളെ മറികടക്കാനല്ലേ എന്നും കോടതി ചോദിച്ചു.
കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ സമയം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിന്നാലെയാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. ഇതിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. വിഷയത്തില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം.
അതോ സമയം, പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് അടുത്ത വെള്ളിയാഴ്ചയ്ക്കകം കൈമാറിയാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. ഹര്‍ജിക്കാര്‍ക്ക് പകര്‍പ്പ് ലഭിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. മന്ത്രിസഭാ രേഖകളുടെ പരിധിയില്‍ വരുന്നതെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് അനന്തമായി രഹസ്യമാക്കിവെക്കാന്‍ കഴില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post