1960-കളിൽ ഹൃദയാരോഗ്യ വിദഗ്ദ്ധനായ റോബർട്ട് സി. അറ്റ്കിൻസ് വികസിപ്പിച്ചെടുത്ത ഒരു ജനപ്രിയ ലോ-കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയാണ് അറ്റ്കിൻസ് ഡയറ്റ്. അറ്റ്കിൻസ് ഡയറ്റിനെ ഔപചാരികമായി അറ്റ്കിൻസ് ന്യൂട്രീഷണൽ അപ്രോച്ച് എന്ന് വിളിക്കുന്നു. ഭക്ഷണരീതിയിൽ കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറച്ചും ഉയർന്ന അളവിൽ പ്രോട്ടീൻ കഴിച്ചും പിന്തുടരുന്ന ഭക്ഷണ രീതിയാണ് അറ്റ്കിൻസ് ഡയറ്റ്. ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ് ഈ ഡയറ്റിന്റെ ഉദ്ദേശ്യം.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ ശരിയായ സന്തുലിതാവസ്ഥ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നതാണ്. അരി, മൈദ, പഞ്ചസാര മറ്റു കാർബോഹൈഡ്രേറ്റ്സ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം ഈ ഡയറ്റ് പിന്തുടരുന്നവർ ഒഴിവാക്കേണ്ടതാണ്. അറ്റ്കിൻസ് ഡയറ്റ് കൂടുതൽ പ്രോട്ടീനും കൊഴുപ്പും കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതോടൊപ്പം കൂടുതൽ നാരുകളുള്ള പച്ചക്കറികൾ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. ഒപ്പം ഏതൊരു ഡയറ്റ് പിന്തുടരുന്നവരും ശരീരഭാരം നിയന്ത്രണത്തിൽ ആയാൽ പോലും ആരോഗ്യകരമായ രീതിയിൽ നിയന്ത്രിതമായ ഭക്ഷണരീതി പിന്തുടർന്നില്ലെങ്കിൽ വീണ്ടും ഭാരം വർദ്ധിക്കുന്നതാണ്.
വണ്ണം കുറയ്ക്കാനായി അറ്റ്കിൻസ് ഡയറ്റ് പിന്തുടരുന്നതിന് മുമ്പായി നിങ്ങൾക്ക് പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഒരു വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ മാത്രമാണ് ഏതൊരു ഡയറ്റും ആരംഭിക്കേണ്ടത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്ന് കുറയ്ക്കുന്നത് തലകറക്കം ക്ഷീണം തലവേദന മലബന്ധം എന്നീ പ്രശ്നങ്ങൾക്ക് കാരണമാകും എന്നും ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്തുന്നതിനു മുൻപ് ഓർക്കേണ്ടതാണ്.
Discussion about this post