കൊച്ചി : തടിയില്‍ തീര്‍ത്തെടുത്ത് സുന്ദരമായ അമ്യതേശ്വരഭൈരവ രൂപം. കാശ്മീരില്‍ പോലുമില്ലാത്തത് ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതോ നടന്‍ മോഹന്‍ലാലിന് വേണ്ടിയും. നാലുകൈകള്‍ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരന്റെ വിഗ്രഹം തീര്‍ത്തത് പ്രശസ്ത ശില്‍പി നാഗപ്പനാണ്. അമൃതേശ്വരഭൈരവ വിഗ്രഹത്തിന്റെ പ്രത്യേകതകള്‍ എടുത്ത് പറയുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഡോക്ടര്‍ ആര്‍ രാമാനന്ദ്. ലാലേട്ടന് വേണ്ടി നാഗപ്പന്‍ തപസ്സുകൊണ്ട് തീര്‍ത്ത അപൂര്‍വ്വമായ ആവിഷ്‌കാരമാണിതെന്ന് അദ്ദേഹം പറയുന്നു. വിഗ്രഹത്തിനോടൊപ്പമുള്ള ചിത്രങ്ങളടക്കം ഫേസ്ബുക്കിലൂടെ പങ്ക് വച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
അമൃതം, എന്ന് കേള്‍ക്കാത്തവരീ ഭൂമുഖത്തുണ്ടോ? ഒരാള്‍ പോലും കാണില്ല അങ്ങനെ. ഒരിക്കലും തമ്മിലിണങ്ങാത്ത ദേവാസുരന്മാര്‍ ഒത്തൊരുമിച്ച് പലവിധ യാതനകള്‍ സഹിച്ച് പാലാഴി കടഞ്ഞതു തന്നെ ഇതൊന്നിനു വേണ്ടിയാണ്.
എന്താണ് അമൃതം? മൃതമാവത്തത് എന്തോ അത്. അതെന്തായിരിക്കും, ഭൗതികശാസ്ത്ര നിയമങ്ങള്‍ വച്ച് നാശമില്ലാത്തതായി ഒന്നേയുള്ളു അത് ഊര്‍ജ്ജമാണ്. ഉണ്ടാക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കാത്തത് ഊര്‍ജ്ജമൊന്ന് മാത്രം. അനാദിയായ ഊര്‍ജ്ജത്തില്‍ നിന്നാണ് ഈ കാണായതെല്ലാം നിര്‍മ്മിക്കപ്പെട്ടത്. തന്ത്രം ഇതിനെ അപൂര്‍വ്വ നിര്‍മ്മാണവസ്തു എന്ന് വിളിക്കുന്നു, ഇത് തന്നെയാണ് ശക്തി, ഇതു തന്നെ പ്രതിഭ.
ശിവം എന്ന നാദത്തില്‍ ഒളിച്ചിരിക്കുന്ന ആ ശക്തി വിശേഷമാണ് ഒരിക്കലും മൃതമാകാത്തത്. അതിന് ക്ഷരമില്ല അഥവാ നാശമില്ല അതുകൊണ്ട് അത് അക്ഷരം. സര്‍വ്വവും അക്ഷരം കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് തന്നെ സര്‍വ്വപ്രപഞ്ചവും നമ്മുടെ ബുദ്ധിയില്‍ ശബ്ദരൂപത്തില്‍ പ്രകടിപ്പിക്കപ്പെടുന്നു. അമ്പത്തൊന്ന് അക്ഷരങ്ങളുടെ മാല നാം ചൊല്ലി പഠിച്ച് അക്ഷരവിദ്യ നേടുന്നു, ഒരു സൂക്ഷ്മമായ രഹസ്യമാണത്. അക്ഷരത്തില്‍ തുടങ്ങുന്ന പ്രപഞ്ച
രഹസ്യ പഠനം.
അക്ഷരമാലയിലെ പതിനാറ് അക്ഷരങ്ങള്‍, പതിനാറ് രുദ്രന്മാര്‍ ആണ് എന്ന് ശൈവ തന്ത്രം, പതിനാറ് രുദ്രന്മാരെ ചേര്‍ത്തൊരു രൂപമുണ്ടാക്കിയാല്‍ അത് അമൃതേശ്വരഭൈരവന്‍ ആയി. കാശ്മീരശൈവതന്ത്രത്തില്‍ മന്ത്രമാര്‍ഗ്ഗ പാരമ്പര്യത്തില്‍ ഭൈരവ – ഭൈരവീ പ്രാധാനമുള്ള വിദ്യാപീഠം, സ്വച്ഛന്ദഭൈരവനും അഘോരേശ്വരിയ്ക്കും പ്രാധാന്യമുള്ള മന്ത്രപീഠം, എന്നിവയ്‌ക്കൊപ്പം വളരെ പ്രാധാന്യമുള്ള ഒരു സമ്പ്രദായമാണ് അമൃതേശ്വരഭൈരവനും അമൃതലക്ഷ്മിയ്ക്കും പ്രാധാന്യമുള്ള അമൃതേശ്വരപീഠം. മൃതസഞ്ജീവനീ എന്ന മഹാവിദ്യയ്ക്ക് ആധാരമായ പീഠം. എതെങ്കിലും മന്ത്രം ശക്തി നഷ്ടപ്പെട്ട് മറഞ്ഞു പോയാല്‍ അതിനെ പുനരുജ്ജീവിപ്പിക്കാന്‍ അമൃതേശ്വര ബീജമാണ് തന്ത്രത്തില്‍ ഉപയോഗിക്കുക.
ചിത്രത്തിലുള്ള അമ്യതേശ്വരഭൈരവന്റെ രൂപം ലാലേട്ടന്‍ തടിയില്‍ തീര്‍ത്തെടുത്തതാണ്. അമൃതേശ്വരഭൈരവന്റെ എട്ടു കൈകളോടു കൂടിയ ഒരു ചിത്രം കാശ്മീരിലുള്ള ഒരു സുഹൃത്ത് എനിക്കൊരിക്കല്‍ അയച്ചു തന്നു. ഞാനതിന്റെ അസുലഭഭംഗി കണ്ടു വിസ്മയിച്ചു ലാലേട്ടന് അയച്ചു കൊടുത്തു. അദ്ദേഹമെന്നൊട് അതെകുറിച്ച് കൂടുതല്‍ ചോദിച്ചു, പക്ഷെ എനിക്കറിയില്ലായിരുന്നു അത് തടിയില്‍ പണിതെടുക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നു എന്ന്. ഒരു ദിവസം എന്നോട് ചോദിച്ചു ഒരു കാര്യം കാണിച്ചു തരട്ടെ, ഫോണെടുത്തു കാണിച്ചു, തടിയിലൊരുക്കുന്ന അതിമനോഹരമായ അമൃതേശ്വരന്‍.
നാലുകൈകള്‍ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരന്‍. ഇരു കൈകളില്‍ അമൃതകുംഭങ്ങള്‍, ഇടതു കൈയില്‍ അമൃതമുദ്ര വലതു കൈയില്‍ അക്ഷമാല. അര്‍ദ്ധനിമീലിതമായകണ്ണുകള്‍, അമൃതാനുഭവം നല്‍കുന്ന തൃക്കണ്ണ്, ഇന്ദു ചൂടിയ ജട, യൗഗീകമായ പദ്മാസനസ്ഥിതി. അപൂര്‍വ്വമായ ആവിഷ്‌കാരം, നാഗപ്പന്‍ എന്ന മഹാശില്‍പ്പി ലാലേട്ടനു വേണ്ടി തപസ്സുകൊണ്ട് തീര്‍ത്തതാണ് ഈ വിസ്മയം.
ഇന്ന് കാശ്മീരില്‍ പോലും ലഭ്യമല്ലാത്ത അമ്യതേശ്വരഭൈരവന്‍ ലാലേട്ടന്റ വീട്ടില്‍, അമൃതത്തില്‍ കുളിച്ച് അമൃതപുഞ്ചിരി തൂകി ഇരിക്കുന്നു. അക്ഷരാമൃതം ഗംഗ പോലെ സ്രവിക്കണമെന്ന പ്രാര്‍ത്ഥനയില്‍ ആ കാല്‍ക്കലിരുന്നാണ് ഈ ലേഖനം എഴുതി തീര്‍ത്തത്.
Discussion about this post