തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിനായുള്ള ഫണ്ട് സിപിഎം എംഎൽഎമാർ വിനിയോഗിച്ചത് ചിന്ത പബ്ലിക്കേഷൻ വഴി. ചിന്ത വഴി പണം വിനിയോഗിച്ചാൽ മതിയെന്ന സിപിഎം നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്ന് തൊട്ട് എഴ് വരെ ആയിരുന്നു നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിച്ചത്.
പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ മണ്ഡലങ്ങളിലെ വായനശാലകളിലും സ്‌കൂളുകളിലെ ലൈബ്രറികളിക്കേലും പുസ്തകങ്ങൾ വാങ്ങി നൽകാൻ എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വീതമാണ് വിനിയോഗിക്കുക. ഈ പണം ചിന്ത പബ്ലിക്കേഷൻ വഴി ചിലവഴിച്ചാൽ മതിയെന്ന് ആയിരുന്നു എംഎൽഎമാർക്ക് നൽകിയിരുന്ന നിർദ്ദേശം. ഇതുവഴി ലക്ഷങ്ങളുടെ പണം കൈക്കലാക്കുകയാണ് സിപിഎം ലക്ഷ്യം.
പുസ്തകോത്സവത്തിൽ നിന്നും വാങ്ങുന്ന പുസ്തകങ്ങളുടെ ബില്ല് മാത്രമാണ് സാധരണയായി സ്‌കൂളുകളും വായനശാലകളും നൽകാറുള്ളത്. പിന്നീട് ചിലവായ തുക എംഎൽഎ ഫണ്ടിൽ നിന്നും കൈമാറും. എന്നാൽ ഈ രീതിയ്ക്കാണ് ഈ വർഷം മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം എംഎൽഎമാർക്ക് കത്തും നൽകിയിരുന്നു. ഇതിന് പുറമേ ഇടത് അനുഭാവികളായ എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രം വാങ്ങിയാൽ മതിയെന്നും നിർദ്ദേശമുണ്ടായിരുന്നു.
പ്രസാധകരിൽ നിന്നും 50 മുതൽ 60 ശതമാനത്തോളം വില കുറച്ചാണ് ചിന്ത വാങ്ങിയത്. ഇത് 35 ശതമാനം കിഴിവിൽ നൽകിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ 100 രൂപ വിലയുള്ള പുസ്തകം വാങ്ങുമ്പോൾ 15 രൂപയാണ് ചിന്ത പബ്ലിക്കേഷന് ലഭിക്കുക.
അതേസമയം പുസ്തകമേളയിൽ വൻകിട പ്രസാധകർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് . ചെറുകിട പ്രസാധകരിൽ നിന്നും കുറവ് പുസ്തകങ്ങൾ മാത്രമാണ് വാങ്ങിയിട്ടുള്ളത്. അതും ഇടത് അനുഭാവികളായ എഴുത്തുകാരുടേത് മാത്രം. സ്റ്റാളുകൾ സജ്ജമാക്കിയിരിക്കുന്നതിലും വിവേചനം ഉണ്ട്. ചെറുകിട പ്രസാധകരുടെ സ്റ്റാളുകൾ നിയമസഭയുടെ ഇടത് വശത്തും വലിയ പ്രസാധകരുടേത് വലതു വശത്തുമാണ് സജ്ജീകരിച്ചിരുന്നത്. ഇത് ചെറിയ സ്റ്റാളുകളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പരാതി.
Discussion about this post