കോഴിക്കോട്: നവകേരള സദസിലേക്ക് ആളെക്കൂട്ടാൻ പണി തുടങ്ങി സഖാക്കന്മാർ. സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിലും അതിന്റെ സംഘാടക സമിതി യോഗത്തിലും പങ്കെടുക്കാത്തവർക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തായി. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് മസ്റ്റർ റോളിൽ ഉൾപ്പെടുത്തില്ലെന്ന് ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻഎം ബാലരാമൻ ശബ്ദസന്ദേശം അയച്ചത്. പഞ്ചായത്തിന്റെ നാലാം വാർഡ് കുടുംബശ്രീ ഗ്രൂപ്പിലേക്കാണ് വാട്‌സ്ആപ്പ് ഓഡിയോ സന്ദേശം എത്തിയത്.
കേരളത്തെ സംരക്ഷിക്കാനുള്ളതാണു നവകേരള സദസ്സ് എന്നും, എഡിഎസ് ജനറൽ ബോഡി അംഗങ്ങൾ സദസ്സിന്റെ ആലോചനായോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. നവകേരള സദസ്സിലെയും പരിപാടിയുടെ പ്രചാരണത്തിലെയും ഹാജർ നോക്കിയാണു തൊഴിലുറപ്പു പദ്ധതിയുടെ മസ്റ്റർ റോൾ അടിക്കുക എന്നും വാട്‌സാപ് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സംഭവം വിവാദമായതോടെ പരിപാടിയുടെ പ്രാധാന്യം എല്ലാവരെയും അറിയിക്കാനാണു ശബ്ദസന്ദേശം അയച്ചതെന്നും, അത് ഭീഷണിയല്ലെന്നും എൻ.എം.ബാലരാമൻ പറഞ്ഞു
Discussion about this post