തിരുവനന്തപുരം : നാഷണൽ പെൻഷൻ സ്‌കീമിൽ കേരളത്തിന് നൽകേണ്ട പണം മുഴുവൻ കേന്ദ്രം നൽകിക്കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന മുഖ്യമന്ത്രി നിരവധി കണക്കുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളീയവും നവകേരള സദസ്സുമൊക്കെ നടത്തി പണം ധൂർത്തടിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. കേന്ദ്രം ഞെരുക്കുന്നു എന്നാണ് ഇവരുടെയെല്ലാം മറുപടി. എന്നാൽ നിയമാനുസൃതം നൽകേണ്ട കാര്യങ്ങൾ നൽകാത്തത് കൊണ്ടാണ് ഇത്തരം ആവശ്യങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്തത് എന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുത്. അല്ലെങ്കിൽ ഇങ്ങനെ മണ്ടൻ കളിച്ച് ജനങ്ങളെ പറ്റിക്കരുത്. മുഖ്യമന്ത്രിക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ചും സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ചും അറിഞ്ഞിരിക്കണം എന്നും മുരളീധരൻ വ്യക്തമാക്കി.
സാമൂഹ്യ പെൻഷൻ മുടങ്ങുന്നത് കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ടാണ് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനായി 521.95 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വികലാംഗ പെൻഷൻ, വിധവ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ എന്നിങ്ങനെയാണ് ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്രം നൽകേണ്ട മുഴുവൻ തുകയും കുടിശ്ശിക അടക്കണം 602.14 കോടി രൂപ ഒക്ടോബർ മാസം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് വേണ്ടി കേന്ദ്രം നൽകി. രണ്ടാം ഗഡുവിനുള്ള അപേക്ഷ സംസ്ഥാനം ഇതുവരെ നൽകിയിട്ടില്ല. ഇത്രയും പ്രതിസന്ധി നിലനിന്നിട്ടും അപേക്ഷ പോലും കൊടുക്കാൻ സംസ്ഥാനം തയ്യാറായിട്ടില്ല. ഒക്ടോബറിൽ കേന്ദ്രം നൽകിയ പണം സർക്കാർ എന്താണ് ചെയ്തത് എന്നും മുരളീധരൻ ചോദിച്ചു.
ഏഴാം ശമ്പളപരിഷ്‌കരണത്തിലെ കുടിശ്ശികയുടെ ഭാഗമായി 750 കോടി രൂപ കേന്ദ്രം നൽകിയിട്ടില്ലെന്നാണ് ആരോപണം. ഈ ശമ്പള കുടിശ്ശികയ്ക്ക് വേണ്ടി അപേക്ഷ നൽകേണ്ട അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. എന്നാൽ സർക്കാർ ഇത് നൽകിയില്ല. ഫെബ്രുവരി വരെ ലഭിക്കാതായപ്പോൾ കേന്ദ്രം ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് കത്തയച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സംസ്ഥാന നിയമസഭയെ പോലും ഇക്കാര്യം അറിയിച്ചിട്ടില്ല. ഇതിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ നിയമസഭയിൽ പ്രമേയം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട് 1925 കോടി ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി പറയുന്നത്. ഇത് കേന്ദ്ര ആവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ലഭിക്കേണ്ട തുകയാണ്. ഇത് നടപ്പിലാക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ഇതിന് കേന്ദ്രം അനുമതി നൽകിയെങ്കിലും സംസ്ഥാന പാലിക്കേണ്ട നിയമങ്ങൾ പാലിച്ചിട്ടില്ല. സെപ്തംബറിൽ ഈ റിപ്പോർട്ട് പല മന്ത്രാലയങ്ങൾക്കും നൽകേണ്ടതാണ്. എന്നാൽ നവംബർ ആയിട്ടും ഇത് സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹെൽത്ത് ഗ്രാന്റിന്റെ ഭാഗമായി കേരള സർക്കാർ 174.76 കോടി രൂപയാണ് ആവശ്യപ്പെട്ടത്. പക്ഷേ ധനകാര്യ കമ്മീഷൻ മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ കേരളം പാലിച്ചില്ല. ഭക്ഷ്യസുരക്ഷ ഇനത്തിൽ 256 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുളളത്. 259.63 കോടി കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന മേഖലയിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഫണ്ട് കിട്ടിയ സംസ്ഥാനമാണ് കേരളം. 2020-2023 വരെയുളള വർഷങ്ങളിൽ13286 രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറിയത്. അതിൽ കേരളം വിനിയോഗിച്ചത് 7855 കോടി മാത്രമാണ്. ഇത് പാർലമെന്റിൽ മന്ത്രി കൊടുത്ത മറുപടിയാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്തിക്കാനുള്ള നടപടികളുണ്ടാകണം. പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം. സിബിൽ സ്‌കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകരെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ധർണ നടത്തുന്നതിനു പകരം രണ്ടാം ഗഡു കിട്ടുന്നതിനു വേണ്ട അപേക്ഷ നൽകുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post