ഇസ്ലാമാബാദ്: യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും രഹസ്യമായി യുക്രെയ്ന് ആയുധങ്ങൾ നൽകുകയും ചെയ്തു എന്ന ആരോപണത്തിൽ മുഖം നഷ്ടമായി പാകിസ്താൻ. രണ്ട് അമേരിക്കൻ കമ്പനികളിൽ നിന്നും വാങ്ങിയ ആയുധങ്ങൾ 2022 ഓഗസ്റ്റ് മാസത്തിൽ പകിസ്താൻ യുക്രെയ്ന് വിതരണം ചെയ്തു. ഈ ഇടപാടിലൂടെ, കടക്കെണിയിലായിരുന്ന പാകിസ്താൻ 364 ദശലക്ഷം ഡോളർ സ്വന്തമാക്കി എന്നാണ് ബിബിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.
ഗ്ലോബൽ മിലിട്ടറി, നോർത്ത്രോപ്പ് ഗ്രുമ്മാൻ എന്നീ അമേരിക്കൻ കമ്പനികളുടെ ആയുധങ്ങളാണ് പാകിസ്താൻ യുക്രെയ്ന് കൈമാറിയത് എന്ന് ബിബിസി ഉർദു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ സ്വീകരിച്ച നിഷ്പക്ഷ നിലപാടിൽ പാകിസ്താൻ വെള്ളം ചേർത്തു എന്ന വെളിപ്പെടുത്തലിൽ ചൈനയുടെയും റഷ്യയുടെയും പ്രതികരണം പാകിസ്താന് ഒട്ടും അനുകൂലമല്ല എന്നാണ് വിവരം.
കടക്കെണിയിലായിരുന്ന പാകിസ്താൻ കോടിക്കണക്കിന് ഡോളറാണ് അന്താരാഷ്ട്ര നാണയനിധിക്ക് നൽകാനുള്ളത്. ഈ ഇടപാട് കാട്ടി ഭീഷണിപ്പെടുത്തിയാണ് അമേരിക്ക ആയുധക്കച്ചവടം ഉറപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്ക- പാകിസ്താൻ- യുക്രെയ്ൻ രഹസ്യ ആയുധ ഇടപാടിൽ ബ്രിട്ടീഷ് സൈന്യവും പങ്കാളികളായതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ നിന്നും ആയുധങ്ങൾ യുക്രെയ്നിൽ എത്തിക്കാൻ ബ്രിട്ടീഷ് ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചു. ആയുധങ്ങൾ ആദ്യം പാകിസ്താനിലെ റാവൽപ്പിണ്ടിയിൽ നിന്നും സൈപ്രസിലെ യുകെ സൈനിക ബേസിൽ എത്തിച്ചു. അവിടെ നിന്നും റൊമാനിയ വഴിയാണ് ഇത് യുക്രെയ്നിൽ എത്തിയതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എന്നാൽ പാകിസ്താനും യുക്രെയ്നും ആരോപണങ്ങൾ നിഷേധിക്കുകയാണ്.
Discussion about this post