തൃശൂർ : തിരുവില്ല്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിയതാകാം കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെ അത് കടിച്ചപ്പോൾ പൊട്ടിയതാകാം എന്നും വിദഗ്ധർ സംശയിക്കുന്നു.
ഏപ്രിൽ 24-ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ (8) മരിച്ചത്. കുട്ടി ഫോൺ ഉപയോഗിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതേ തുടർന്നാണ് ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം എന്ന നിഗമനത്തിലെത്തിയത്. എന്നാൽ മുറിയിൽനിന്ന് ലഭിച്ച കിടക്കയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഫോൺ പൊട്ടിത്തെറിച്ചതല്ല അപകടകാരണമെന്ന് വ്യക്തമായി.
പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നായിരുന്നു വിശദപരിശോധന നടത്തിയത്. സംഭവത്തിൽ കുന്നംകുളം എ.സി.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post