ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചു. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഇന്ന് വോട്ടെടുപ്പ്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഛത്തീസ്ഗഢിൽ ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ്.
ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ്. സമാജ് വാദി പാർട്ടി, ബി എസ് പി എന്നിവരും മത്സര രംഗത്തുണ്ട്.
മദ്ധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യം പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വ്യക്തമായ മേൽക്കൈ നേടിയ ബിജെപി ഭരണത്തുടർച്ച നേടും എന്ന ആത്മവിശ്വാസത്തിലാണ്. പാർട്ടി ദേശീയ നേതൃത്വം നേരിട്ട് ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനത്ത്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനകീയതയും പ്രധാന ഘടകമാണ്.
ശിവരാജ് സിംഗ് ചൗഹാന് പുറമേ മുൻ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ, കൈലാഷ് വിജയവർഗിയ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗൻ സിംഗ് കുലസ്തേ എന്നിവർ ബിജെപിയുടെ ശക്തരായ സ്ഥാനാർത്ഥികളാണ്. മറുവശത്ത് കമൽനാഥ് ഏറെക്കുറേ ഒറ്റയ്ക്കാണ് കോൺഗ്രസിനെ നയിക്കുന്നത്. കമൽനാഥിന്റെ ഏകപക്ഷീയ സ്വഭാവത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നിപ്പ് നിലനിൽക്കുന്നുണ്ട്.
പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, 450 രൂപയ്ക്ക് പാചക വാതകം, കർഷക ക്ഷേമ പദ്ധതികൾ, സൗജന്യ പാർപ്പിടം, വികസന പദ്ധതികൾ, എക്സ്പ്രസ് ഹൈവേകൾ എന്നിവയാണ് ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന ഇനങ്ങൾ. സംവരണ വർദ്ധനവ്, സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം തുടങ്ങിയവയാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ.
ഛത്തീസ്ഗഢിൽ ഭരണത്തുടർച്ച നേടും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ, മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെതിരെ ഉയർന്ന മഹാദേവ് ആപ്പ് അഴിമതി ആരോപണം, ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവ വോട്ടാക്കി മാറ്റാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
Discussion about this post