എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരിയുടെ പിതാവില്‍നിന്ന് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്. ആലുവ സ്വദേശി മുനീറിനെതിരെയാണ് കേസ് എടുത്തത്. സംഭവത്തില്‍ പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ആലുവ പോലീസാണ് നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420, എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുനീറിനെതിരെ പോലീസ് കേസ് എടുത്തത്. വിശ്വാസ വഞ്ചനയുള്‍പ്പെടെയുളള കുറ്റങ്ങള്‍ മുനീറിന് മേല്‍ ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണശേഷം കുടുംബത്തെ പഴയ താമസസ്ഥലത്ത് നിന്നും പുതിയ വാടക വീട്ടിലേക്ക് എംഎല്‍എ മുന്‍കയ്യെടുത്ത് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതിന് വാടക നല്‍കാനെന്ന പേരിലാണ് മുനീര്‍ പണം തട്ടിയത്. കുട്ടിയുടെ പിതാവിന് എടിഎം ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. ഇത് മുതലെടുത്ത് മുനീര്‍ പിന്‍ നമ്പര്‍ കൈക്കലാത്തി ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ കൈക്കലാക്കുകയായിരുന്നു.
തട്ടിപ്പ് മനസ്സിലാക്കിയതോടെ പിതാവ് പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ മുനീര്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പരാതി നല്‍കുമെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെ 50,000 രൂപ തിരികെ നല്‍കി. എന്നാല്‍ ബാക്കി നല്‍കിയില്ല. ഇതോടെ കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവം വലിയ വാര്‍ത്തയായതോടെ ബാക്കി പണം കൂടി നല്‍കി മുനീര്‍ തടിയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇതിനിടെ മഹിളാ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post