പത്തനംതിട്ട: നിരത്തിലിറങ്ങി മണിക്കൂറൊന്ന് പിന്നിടുന്നതിന് മുൻപേ റോബിൻ ബസിന് പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. പെർമിറ്റ് ലംഘിച്ചെന്ന് ആരോപിച്ച് 7, 500 രൂപയാണ് പിഴ ചുമത്തിയത്.
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ആയിരുന്നു ബസ് സർവ്വീസ്. രാവിലെ അഞ്ച് മണിയ്ക്കായിരുന്നു സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെട്ടത്. എന്നാൽ അൽപ്പനേരത്തിന് ശേഷം അവിടെയെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തുകയായിരുന്നു. ചലാൻ നൽകിയെങ്കിലും വാഹനം പിടിച്ചെടുത്തില്ല. ഇതോടെ ബസ് കോയമ്പത്തൂരിലേക്ക് സർവ്വീസ് തുടർന്നു. പിഴ അടയ്ക്കാതെയാണ് ബസ് സർവ്വീസ് തുടരുന്നത്. അതിനാൽ തുടർന്നും മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.
ഒക്ടോബർ 16ാം തിയതിയാണ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ ബസ് റാന്നിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. തുടർന്ന് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കുകയായിരുന്നു. വെള്ളിയാഴ്ച ബസ് സർവ്വീസ് നടത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Discussion about this post