എറാണകുളം: എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തി ദ്രോഹിക്കുന്നു എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍. 7500 മുതല്‍ 15000 രൂപ വരെ ബസുടമകളില്‍ നിന്ന് പിഴ ചുമത്തുന്നു. റോബിന്‍ ബസിന് മാത്രമല്ല മറ്റു ബസുകള്‍ക്ക് എതിരെയും നടപടി എടുക്കുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ് ഈ നീക്കമെന്നും അസോസിയേഷന്‍ പറയുന്നു.
വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. അനുകൂല നടപടിയുണ്ടായിലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപകമായി സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. എംവിഡിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസുകളില്‍ കക്ഷി ചേരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് പിഴ അടച്ചതിന് പിന്നാലെയാണ് വിട്ടുനല്‍കിയത്. പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി. കേന്ദ്രനിയമത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് ആരംഭിച്ച റോബിൻ ബസിനെതിരെ എംവിഡി പ്രതികാര നടപടിയുമായി രംഗത്തെത്തിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കെഎസ്ആർടിസിയുടെ കുത്തക തകരുമെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി ഉദ്യോഗസ്ഥർ പിഴ ചുമത്താനും ബസ് പിടിച്ചിടാനും ഇറങ്ങിയത്.
ഏകപക്ഷീയമായി ഒരു സംരംഭകനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതും വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് തടയിടാനാണ് മറ്റ് ബസുകൾക്കെതിരെയും നടപടി സ്വീകരിക്കുന്നതെന്നാണ് വിമർശനം. കനത്ത പിഴ ചുമത്തുന്ന നടപടികൾ സർക്കാർ നിർത്തിവെച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങും. ബസ് വ്യവസായത്തിൽ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. അതിനൊപ്പം ഇത്തരം ദ്രോഹ നടപടികൾ കൂടി തുടർന്നാൽ ഇത് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Discussion about this post