പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റിൻ്റെ ബലത്തിൽ പമ്പ സർവീസ് ലക്ഷ്യമിട്ട് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകിയ പശ്ചാത്തലത്തിലാണ് പമ്പ സർവീസ് നടത്താനുള്ള സാധ്യതകൾ ബേബി ഗിരീഷ് വ്യക്തമാക്കിയത്. ശബരിമല ഭക്തരെ കെ എസ് ആർ ടി സി കൊള്ളയടിക്കുന്നു എന്ന കാര്യവും ബേബി ഗിരീഷ് ചൂണ്ടിക്കാട്ടി.
പത്തനംതിട്ട – ശബരിമല ഭാഗത്തേക്ക് പോകുന്ന ഭക്തരെ കൊള്ളയടിക്കുന്ന കെ എസ് ആർ ടി സി നടപടിക്കെതിരെയാകും തന്റെ അടുത്ത നീക്കമെന്ന് ബേബി ഗിരീഷ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പമ്പയിലേക്ക് റോബിൻ ബസ് കയറുന്ന സമയം വിദൂരമല്ല. റോബിൻ ബസിന് ലഭിച്ചിരിക്കുന്ന പോലുള്ള പെർമിറ്റ് ഉപയോഗിച്ച് കേരളത്തിനകത്ത് സർവീസ് നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട – കോയമ്പത്തൂർ സർവീസിന് പുറമേ അടുത്ത സർവീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ബേബി ഗിരീഷ് പറയുന്നത്. കേരള സർക്കാരിൻ്റെ ഇടപെടൽ മൂലമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. 10,000 രൂപയാണ് പിഴ ചുമത്തിയത്. പിഴ ചുമത്തിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനായി പിഴത്തുക നൽകുന്നതിനൊപ്പം പേയ്ഡ് അണ്ടർ പ്രൊട്ടസ്റ്റ് എന്ന് എഴുതി നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post