മലപ്പുറം: നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയത്. നേരത്തെ പരിപാടിയ്ക്കായി സ്‌കൂൾ ബസ് വിട്ട് നൽകണമെന്ന് ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് പുലിവാല് പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളെയും എത്തിക്കണമെന്ന നിർദ്ദേശം.
സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരുടെ യോഗമാണ് വിളിച്ച് ചേർത്തത്.
ഓരോ സ്‌കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ വേണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അച്ചടക്കമുള്ള കുട്ടികൾ മാത്രം മതിയെന്നും കർശന നിർദ്ദേശമുണ്ട്. ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ ശക്തമായ വിമർശനം ഉയർന്നുകഴിഞ്ഞു.
നവകേരള സദസ്സിനായി സ്‌കൂൾ ബസ് വിട്ട് നൽകണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെട്ട് സ്റ്റേ ചെയ്തിരുന്നു. . കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സ്‌കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
Discussion about this post