ചെന്നൈ: 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിരുച്ചിറപ്പള്ളിയിലെ ജൂവലറി ഗ്രൂപ്പ് പ്രതിസ്ഥാനത്തുള്ള കേസിൽ, തമിഴ്നാട് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രകാരമാണ് പ്രകാശ് രാജിനെ ചോദ്യം ചെയ്യുന്നത്.
തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജൂവലറി എന്ന സ്ഥാപനത്തിൽ നവംബർ 20ന് നടന്ന പരിശോധനയിൽ കണക്കിൽ പെടാത്ത 23.70 ലക്ഷം രൂപയും ചില സ്വർണാഭരണങ്ങളും കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ് പ്രകാശ് രാജ്. പ്രകാശ് രാജിന് സ്ഥാപനത്തിൽ പങ്കാളിത്തമുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്. അടുത്തയാഴ്ച ഇഡിയുടെ ചെന്നൈയിലെ ഓഫീസിൽ ഹാജരാകാനണ് പ്രകാശ് രാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജൂവലേഴ്സും അനുബന്ധ സ്ഥാപനങ്ങളും പൊതുജനങ്ങളിൽ നിന്നും അനധികൃതമായി 100 കോടി രൂപ പിരിച്ചെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വലിയ ലാഭം വാഗ്ദാനം ചെയ്ത് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post