ന്യൂഡൽഹി: നവകേരള സദസ്സിന് വേണ്ടി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി വേണുവിന് കമ്മീഷൻ നോട്ടീസ് അയച്ചു.
കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
കണ്ണൂരിലെ തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ ഒരു മണിക്കൂറോളം വെയിലത്ത് നിർത്തിയത്. ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്.
കുട്ടികളെ വെയിലത്ത് നിർത്തുന്നതിന്റെ വിഡിയോ പുറത്തു വന്നതിന് പിന്നാലെ എബിവിപി ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംഭവത്തിൽ എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നെങ്കിലും ഇതിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Discussion about this post