പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ വാദി പ്രതിയാകുമെന്ന് സൂചന. സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലാണ് കേസിനെ കീഴ്മേൽ മറിച്ചിരിക്കുന്നത്. പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരി ബംഗലൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. പ്രതിയായ ആൺകുട്ടിയുമായി യുവതി പ്രണയത്തിലായിരുന്നു. ഒന്നര വർഷം മുമ്പാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ആൺകുട്ടി ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു.
അടുത്തയിടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളേജിൽ നിന്നും നാട്ടിലേക്ക് അയച്ചു. പരീക്ഷ എഴുതാൻ മാത്രമാണ് കോളേജ് അധികൃതർ അനുവാദം നൽകിയത്.
ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്.
സംഭവം നടക്കുന്ന സമയത്ത് യുവതിക്ക് 18 വയസ് തികഞ്ഞ് ഒരു മാസം കഴിഞ്ഞിരുന്നു. യുവാവിനാകട്ടെ 18 വയസ് തികയാൻ 4 മാസം കൂടി ബാക്കിയുണ്ടായിരുന്നു. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. പരാതിക്കാരിയായ യുവതിക്കെതിരെ പോക്സോ കേസ് എടുക്കേണ്ട സാഹചര്യം സംജാതമാകുകയും ചെയ്തു.
സംഭവത്തിൽ ഏതായാലും തിരക്കിട്ട നടപടികളിൽ നിന്നും അകലം പാലിക്കുകയാണ് പോലീസ്. വിശദമായ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസിലെ തുടർനടപടികൾ എന്നാണ് റിപ്പോർട്ട്.
Discussion about this post