ഷിമോഗ: ബ്രാഹ്‌മണ വിഭാഗത്തില്‍ പെടുന്ന ഏഴു വയസുകാരിയെ കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചതായി പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. സസ്യാഹാരിയായ തന്റെ കുട്ടിക്ക് അദ്ധ്യാപിക നിര്‍ബന്ധിച്ച് മുട്ട നല്‍കിയെന്ന് മാതാപിതാക്കള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മുട്ട കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്തു.
മുട്ട കഴിക്കാന്‍ അദ്ധ്യാപിക കുട്ടിയെ കഴിഞ്ഞ ഒരാഴ്ചയോളം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അടിക്കുമെന്ന് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കള്‍ പറഞ്ഞു. ഓരോ കുട്ടികള്‍ക്കും എന്തൊക്കെ കൊടുക്കണം എന്ന് അറിയാന്‍ അവരുടെ രക്ഷിതാക്കളോട് ചോദിക്കണം എന്നും അതിനായി ഒരു യോഗം വിളിച്ചു ചേര്‍ക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
എന്നാല്‍ പരാതി നിഷേധിച്ച അദ്ധ്യാപിക, ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രതികരിച്ചു.
Discussion about this post