കൊച്ചി : നവകേരള സദസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌കൂള്‍ കരിക്കുലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കാസര്‍ഗോഡ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടും കുട്ടികളെ പരിപാടിയിലേക്ക് കൊണ്ടുപോകുന്നതിലും രണ്ട് ഹര്‍ജികളാണ് കാസര്‍ഗോഡ് സ്വദേശി കോടതിയില്‍ സമര്‍പ്പിച്ചത്. രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ തിങ്കളാഴ്ചയോടെ ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ ഉറപ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രേഖപ്പെടുത്തി. നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ് വിളംബര ജാഥ നടത്തിയതില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
കുട്ടികളെ കൊണ്ടുപോകുന്നതിനെതിരായ ഹര്‍ജി ഗൗരവത്തിലെടുത്ത കോടതി, സര്‍ക്കാരിനോട് വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പാണ് കര്‍ശന നിര്‍ദേശമിറക്കിയത്. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു ഉത്തരവ്. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നവകേരള സദസ് നടക്കുന്ന സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.
Discussion about this post