കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഒരാളുടെ നില അതീവ ഗിരുതരമാണെന്ന് റിപ്പോർട്ട്. നാല് പേരുടെ ജീവനെടുത്ത അപകടത്തിൽ 51 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
കളമശ്ശേരി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും. ടെക്ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. വൈകിട്ട് ഏഴേകാലോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയറ്ററിലേക്ക് റോഡരികില്‍ നിന്നവര്‍ മഴ വന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
തിയേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.
Discussion about this post