കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ ബലമായി കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഓമയൂർ സ്വദേശിനി അബികേൽ സാറ റെജിയെ ആണ് തട്ടിക്കൊണ്ട് പോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലമായി വാഹനത്തിനുള്ളിലേക്ക് വലിച്ച് കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കുട്ടിയ്ക്ക് പിന്നാലെ ഒപ്പം ഉണ്ടായിരുന്ന സഹോദരനെയും ബലം പ്രയോഗിച്ച് പ്രതികൾ കാറിൽ കയറ്റാൻ ശ്രമിക്കുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് ഒരാൾ നോക്കി നിൽക്കുന്നുണ്ട്. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്നയാളാണ് നോക്കി നിൽക്കുന്നത്. പിന്നീട് ഇയാളെ കാണാതാകുന്നു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ആളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാൾ പ്രദേശവാസിയാണെന്നും സൂചനയുണ്ട്. ഇയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കടയുടമയായ സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയത്.
നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ എത്രയും വേഗം കണ്ടെത്താൻ കഴിയുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post