കൊല്ലം: ഓയൂരിൽ നിന്നും കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ അബിഗേൽ സാറ റെജി ഇന്ന് ആശുപത്രിവിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നത്. ഗവ.വിക്ടോറിയ ആശുപത്രിയിലാണ് നിലവിൽ കുട്ടി നിരീക്ഷണത്തിലുള്ളത്.
ഇന്നലെ ആശ്രാമം മൈതാനിയിൽ നിന്നും കുട്ടിയെ കണ്ടെത്തുമ്പോൾ നേരിയ അവശതയുണ്ടായിരുന്നു. ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കാഞ്ഞതും മാനസിക ആഘാതവുമാണ് കുട്ടിയെ അവശയാക്കിയത്. ഇതേ തുടർന്നായിരുന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില തൃപ്തികരം ആണെങ്കിലും മാനസികാഘാതത്തിൽ നിന്നും കുട്ടി പൂർണമായും മുക്തയായിട്ടില്ല. നിലവിൽ ആശുപത്രിയിൽ കുട്ടിയ്‌ക്കൊപ്പം രക്ഷിതാക്കളും സഹോദരനും ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ ചോദിച്ചറിയുക
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. പ്രതികൾ ജില്ലവിട്ടിട്ടില്ലെന്നാണ് പോലീസിന്റെ ഊഹം. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post