മലപ്പുറം: കേരളത്തിന്റെ നിലവിലെ മോശം ധനസ്ഥിതിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ പഴിചാരുന്നത് ഇല്ലാത്ത കണക്കുകള്‍ കാണിച്ചെന്ന് ആരോപണം. കേരളത്തിന് കിട്ടാനുള്ളതെന്ന് പറയപ്പെടുന്ന 57000 കോടിയുടെ പിന്നിലെ പൊള്ളത്തരങ്ങള്‍ വിശദമായി തുറന്ന് കാട്ടുകയാണ് രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് കേന്ദ്രം കേരളത്തിന് നല്‍കിയ ധനസഹായത്തിന്റെ വിശദ വിവരങ്ങള്‍ രഞ്ജിത്ത് കണക്കുകളോടെ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കേരളത്തിന് കേന്ദ്രം തരാനുള്ള 57,400 കോടിയാണല്ലോ ഇപ്പൊ ട്രെന്‍ഡ്. ഈ 57,400 കോടി കേന്ദ്രം തന്നാല്‍ കേരളത്തിന്റെ മുഴുവന്‍ പ്രശ്നങ്ങളും തീരും എന്നൊക്കെയാണല്ലോ പാണന്മാര്‍ പാടി നടക്കുന്നത്. ശരിക്കും ഈ 57,400 കോടിയുടെ കണക്കു എന്താണെന്നു നോക്കിട്ടുണ്ടോ..?
ജിഎസ്ടി നഷ്ടപരിഹാരമായി 12,000 കോടി, റവന്യൂ കമ്മി ഗ്രാന്റില്‍ 8400 കോടി, വായ്പ വെട്ടി കുറച്ചതിനാല്‍ 19,000 കോടി, നികുതി വിഹിതം കുറഞ്ഞതിനാല്‍ 18,000 കോടി അങ്ങിനെ ആകെ 57400 കോടി എന്നതാണ് കണക്ക്..
ഇതില്‍ ആദ്യത്തെ കാര്യമെടുക്കാം..
ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് കിട്ടാനുണ്ടെന്ന് പറയപ്പെടുന്ന 12,000 കോടി എന്ത് കൊണ്ട് കേന്ദ്രം നല്‍കുന്നില്ല..?
അങ്ങിനെ ഒരു നഷ്ടപരിഹാരം കേരളത്തിന് കേന്ദ്രം നല്‍കാനില്ല എന്നത് തന്നെയാണ് അതിന്റെ ഉത്തരവും.
2017ല്‍ ജിഎസ്ടി സമ്പ്രദായം നിലവില്‍ വരുന്ന അവസരത്തില്‍ തങ്ങളുടെ നികുതി വരുമാനത്തില്‍ ചോര്‍ച്ചയുണ്ടാകുമെന്ന ആശങ്ക സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഓരോ വര്‍ഷവും 14% വളര്‍ച്ചയുണ്ടായില്ലെങ്കില്‍ ഇത് നികത്താന്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കും.
2017 മുതല്‍ 2022 വരെ അഞ്ചു വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു കേന്ദ്രം അന്നേ സംസ്ഥാനങ്ങളെ അറിയിച്ചത്. ആ അഞ്ചു വര്‍ഷം 2022 ജൂണില്‍ തീര്‍ന്നു.
അപ്പൊ കേരളം പറയുന്ന 12,000 കോടി എന്താണെന്നതാവും..?
കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ തന്നിരുന്ന ജിഎസ്ടി നഷ്ടപരിഹാരമില്ലേ, അഞ്ചു വര്‍ഷം കഴിഞ്ഞതോടെ അതിക്കുറി ഇല്ലല്ലോ. അതെന്നെയാണ് കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്ന് കമ്മികള്‍ പറയുന്ന 12,000 കോടി. അതായത് ഇക്കുറിയും ജിഎസ്ടി നഷ്ടപരിഹാര വിഹിതം ഉണ്ടായിരുന്നേല്‍ കേരളത്തിന് കിട്ടുമായിരുന്ന തുകയാണ് ആ 12,000 കോടി..
എങ്ങിനെയുണ്ട്…?
അപ്പൊ തോന്നും കേന്ദ്രം തരാനില്ലേലും ജിഎസ്ടി വന്നതോടെ നികുതി വരുമാനത്തിലെ വളര്‍ച്ച 14% ഇപ്പോഴും ആയില്ലേല്‍ കേരളത്തിന്റെ കണക്കില്‍ അത് നഷ്ടം തന്നെയല്ലേയെന്ന്. എന്നാല്‍ കേരളത്തിന്റെ ജിഎസ്ടി വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണെന്നും, 2022-23 ല്‍ അത് 25.11 ശതമാനമായെന്നും പറഞ്ഞത് മ്മടെ മുഖ്യമന്ത്രി തന്നെയാണു. അതായത് ഒരു തരത്തിലും കിട്ടാനില്ലാത്ത ഒരു വിഹിതമാണ് കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്നും പറഞ്ഞു കേരള സര്‍ക്കാര്‍ പ്രബുദ്ധരേ പറ്റിക്കുന്നത്.
================
ഇനി രണ്ടാമത്തെ റവന്യൂ കമ്മി ഗ്രാന്റില്‍ കിട്ടാനുള്ള 8,400 കോടിയുടെ കാര്യം നോക്കാം. കേരളത്തിലെ ജനങ്ങളെ വെറും വിഡ്ഢികളായാണ് പിണറായിയും കൂട്ടരും കാണുന്നത് എന്നതിന്റെ ഏറ്റവും വല്ല്യ ഉദാഹരണമാണ് കിട്ടാനുള്ള ഈ റവന്യൂ ഗ്രാന്റ് കമ്മി കഥ. 2022-23 സാമ്പത്തീക വര്‍ഷം റവന്യൂ കമ്മിയായി കേരളത്തിന് 13,174 കോടി വകയിരുത്തിയപ്പോള്‍ 2023-24 സാമ്പത്തീക വര്‍ഷത്തിലത് 4,749 കോടി മാത്രമാണ്. ഇവ തമ്മിലുള്ള വ്യത്യാസമാണ് റവന്യൂ കമ്മി ഗ്രാന്റില്‍ കേരളത്തിന് കുറവ് വരുത്തിയ കമ്മികള്‍ പറയുന്ന ആ 8,400 കോടി.
ഈ പറഞ്ഞ കണക്കു നോക്കുമ്പോള്‍ സംഗതി ശരിയാണ് എന്ന് തോന്നാം. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ്യം എന്താണ്..?
വരുമാനം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് വരുന്ന റവന്യൂ കമ്മി നികത്താന്‍ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതാണ് റവന്യൂ കമ്മി ഗ്രാന്റ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം 2021-26 വര്‍ഷത്തേക്ക് കേരളത്തിന് അനുവദിച്ച റവന്യൂ കമ്മി ഗ്രാന്റ് എന്നത് 53137 കോടി രൂപയാണ്. ഇതില്‍ 2020-21 വര്‍ഷം കേരളത്തിന് 15,323 കോടി കൊടുത്തു. 2021-22 വര്‍ഷത്തില്‍ 19,891 കോടിയും, 2022-23 സാമ്പത്തീക വര്‍ഷത്തില്‍ 13,174 കോടിയും കേന്ദ്രം നല്‍കി. അതായത് ആറു വര്‍ഷം കൊണ്ട് 53,137 കോടി കൊടുക്കേണ്ടതില്‍ ആദ്യ മൂന്നു വര്‍ഷം കൊണ്ട് തന്നെ 48,388 കോടി കേന്ദ്രം കേരളത്തിന് തന്നു. ഇനി അതില്‍ ബാക്കിയുള്ളത് 4749 കോടി മാത്രമാണ്. അതാണ് അടുത്ത സാമ്പത്തീക വര്‍ഷം കിട്ടാന്‍ പോവുന്നത്.
ഇതില്‍ വേറൊരു കാര്യം കൂടിയുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ റവന്യൂ കമ്മി വിഹിതം കിട്ടുന്നത് കേരളത്തിനാണ്. രണ്ടാം സ്ഥാനത്തുള്ളത് 48,630 കോടി കിട്ടുന്ന ഹിമാചല്‍ പ്രദേശും, മൂന്നാം സ്ഥാനത്തുള്ളത് 45,128 കോടി കിട്ടുന്ന ബംഗാളും, നാലാം സ്ഥാനത്ത് 36,394 കോടി കിട്ടുന്ന ആന്ധ്രയും പിന്നെ 33,627 കോടി കിട്ടുന്ന പഞ്ചാബുമാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്രാ, ഗോവ, അരുണാചല്‍ പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊന്നും ഒരു രൂപ പോലും റവന്യൂ കമ്മി വിഹിതം നല്‍കുന്നില്ല എന്നോര്‍ക്കണം.
അതായത് ആറു വര്‍ഷം കൊണ്ട് കൊടുക്കേണ്ട തുക കേരളത്തിന്റെ മോശം സാമ്പത്തീക സ്ഥിതി പരിഗണിച്ചു മൂന്നു വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ത്ത കേന്ദ്രത്തെ കുറിച്ചാണു കേരളത്തിന്റെ ധനമന്ത്രിയടക്കമുള്ളവര്‍ ഒരു ഉളുപ്പും ഇല്ലാണ്ട് റവന്യൂ വിഹിതം കേന്ദ്രം കുറച്ചെന്ന നുണ പ്രചരിപ്പിക്കുന്നത് എന്നതാണ്.
==================
അടുത്തത് വായ്പ വെട്ടി കുറച്ച വകയില്‍ കേരളത്തിന് കിട്ടാനുള്ള 19,000 കോടിയുടെ കഥയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം ആഭ്യന്തര വരുമാനത്തിന്റെ 3.5% വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നായിരുന്നു ധനക്കാര്യ കമ്മീഷന്റെ ശുപാര്‍ശ. അങ്ങിനെ ഈ സാമ്പത്തീക വര്‍ഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതിയാണ് കേന്ദ്രം കേരളത്തിന് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ 15,390 കോടി രൂപയുടെ വായ്പക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. വായ്പയെടുക്കുന്നതില്‍ വന്ന ഈ കുറവിനെയാണ് വായ്പ വെട്ടി കുറച്ച വകയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള 19,000 കോടിയാക്കി കമ്മികള്‍ അവതരിപ്പിക്കുന്നത്.
ഇനി എങ്ങിനെയാണ് കേരളത്തിന്റെ വായ്പ പരിധിയില്‍ കുറവ് വന്നത് എന്ന് നോക്കാം.
കിഫ്ബിയും ക്ഷേമ പെന്‍ഷന്‍ കമ്പനിയുമെടുത്ത വായ്പ കേരളത്തിന്റെ വായ്പ പരിധിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് ആ കുറവിന്റെ കാരണം. കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും കടത്തില്‍ കേരള സര്‍ക്കാരിനു ബാധ്യത ഇല്ലാന്നാണ് ഇതിനെ എതിര്‍ത്തു കൊണ്ടുള്ള കമ്മികളുടെ വാദം. കിഫ്ബിയുടെ ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രിയും, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയുടെ ചെയര്‍മാന്‍ കേരള ധനമന്ത്രിയുമാണ്. അതിനാല്‍ തന്നെ രണ്ടു കമ്പനിയുമുണ്ടാക്കുന്ന കടങ്ങളുടെ ബാധ്യത കേരള സര്‍ക്കാരിനാണ്. കിഫ്ബിക്ക് ആയാലും പെന്‍ഷന്‍ കമ്പനിക്കായാലും സര്‍ക്കാര്‍ കൊടുക്കുന്ന നികുതി വരുമാനമല്ലാതെ വേറെ വരുമാനവുമില്ല.
അപ്പൊ പിന്നെ സര്‍ക്കാരെടുക്കുന്ന കടവും കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമെടുക്കുന്ന കടവും സര്‍ക്കാരിന്റെ കടത്തിന്റെ കണക്കിലല്ലാതെ ആരുടെ കണക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടത്..?
കേരളത്തിന്റെ വരുമാനത്തില്‍ വര്‍ദ്ധന വന്നിരുന്നേല്‍ കട പരിധിയും കൂടുമായിരുന്നു. അതിനു വേണ്ടിയും സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. എന്നിട്ട് പിന്നെ വായ്പ പരിധി കുറഞ്ഞതിനെ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള തുകയാക്കി കമ്മികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
==================
അടുത്തത് വരുന്നത് കേന്ദ്ര നികുതി വിഹിതം കേരളത്തിന് കുറഞ്ഞതിനാല്‍ വന്ന 18,000 കോടിയുടെ കുറവിന്റെ കാര്യമാണ്.
2014-15 ല്‍ പുറത്തു വന്ന പതിനാലാം ധനകാര്യ കമ്മീഷനില്‍ കേരളത്തിന്റെ വിഹിതം 2.5 ശതമാനമായിരുന്നു. എന്നാല്‍ 2021 ല്‍ വന്ന പതിനഞ്ചാം ധനകാര്യ കമ്മീഷനത് 1.925% ആക്കി കുറച്ചു. ഇത്തരത്തില്‍ വരുത്തിയ കുറവ് മൂലം 18,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേരളത്തിന്റെ പരാതി.
ഐജിഎസ്ടി ഇനത്തില്‍ കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41% എല്ലാം സംസ്ഥാനങ്ങള്‍ക്കുമായി തിരിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് തുല്യമായല്ല ഇത് വീതിയ്ക്കുന്നത്.
ജനസംഖ്യ, ഭൂവിസ്തൃതി, വന മേഖല, ഏറ്റവുമധികം വരുമാനം ലഭിക്കുന്ന സംസ്ഥാനവുമായുള്ള അന്തരം എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിനും ലഭ്യമാകേണ്ട വിഹിതം നിര്‍ണ്ണയിക്കുന്നത്.
ശതമാന കണക്കില്‍ നോക്കുമ്പോള്‍ കേരളത്തിന് കുറവ് വന്നിട്ടുണ്ട്. എന്നാല്‍18,000 കോടിയുടെ നഷ്ടം ഉണ്ടായോ എന്ന് ചോദിച്ചാല്‍, 2019-20 ലാണ് പതിനാലാം ധനകാര്യ കമ്മീഷന്‍ പ്രകാരം കേരളത്തിന് അവസാനമായി വിഹിതം ലഭിച്ചത്. 2.5% വിഹിതമുണ്ടായിരുന്ന കേരളത്തിന് അന്ന് കിട്ടിയത് 21,115 കോടിയായിരുന്നു. ഇപ്പോള്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കണക്കായ 1.925% പ്രകാരം ലഭിക്കുന്നത് 19,662 കോടിയാണ്.
ഈ കണക്കു പ്രകാരം 1,453 കോടിയുടെ വ്യത്യാസമല്ലേ വന്നിട്ടുള്ളത് പിന്നെങ്ങിനെ 18,000 കോടിയുടെ കുറവ് എന്നൊക്കെ തോന്നാം.
രാജ്യത്ത് ആകെ പിരിക്കുന്ന ഐജിഎസ്ടിയുടെ 41% ആണല്ലോ സംസ്ഥാനങ്ങള്‍ക്ക് വീതിക്കുന്നത്. 2020 ല്‍ ഐജിഎസ്ടിയുടെ 41% എന്ന് പറഞ്ഞാല്‍ 8.44 ലക്ഷം കോടിയായിരുന്നു ഇപ്പോഴത് 10.21 ലക്ഷം കോടിയാണ്. അതായത് ഐജിഎസ്ടി വര്‍ദ്ധിച്ചപ്പോള്‍ കേരളത്തിന്റെ വിഹിതം 2.5% അനുസരിച്ച് കൂട്ടിയിരുന്നേല്‍ കിട്ടുമായിരുന്ന തുകയാണ് ആ 18,000 കോടി എന്നാണു കമ്മികള്‍ പറയുന്നത്..
എന്നാല്‍ 18,000 കോടിയെന്ന കണക്കും തെറ്റാണ്.
പതിനാലാം ധനകാര്യ കമ്മീഷന്‍ പ്രകാരമുള്ള 2.5% വെച്ച് ഇക്കുറി വിഹിതം കണക്കാക്കിയിരുന്നേല്‍ കേരളത്തിന് കിട്ടുക 25,536 കോടിയായിരുന്നു. അതിന്‍ പ്രകാരം വന്ന കുറവ് 5,874 കോടിയുടെതാണ്. അല്ലാണ്ട് 18,000 കോടിയുടെ അല്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന്റെ വിഹിതം മാത്രമല്ല കുറച്ചത്. കേരളത്തേക്കാള്‍ വിഹിതത്തില്‍ കുറവ് വന്നത് അന്ന് ബിജെപി ഭരണത്തില്‍ ഉണ്ടായിരുന്ന കര്‍ണാടകയുടെ ആയിരുന്നു. കേരളത്തിന്റെ വിഹിതത്തില്‍ 0.58 ശതമാനത്തിന്റെ കുറവാണ് വന്നതെങ്കില്‍ കര്‍ണാടകയുടേത് 1.07 ശതമാനത്തിന്റെ കുറവാരുന്നു.
എന്നിട്ട് 10,888 കോടി കേന്ദ്രം തരാനുണ്ടെന്നു കര്‍ണാടകം പറയാറുണ്ടോ..?
ഇനി 41% വിഹിതം വീതിക്കുന്ന ഐജിഎസ്ടി എന്താണ് എന്ന് കൂടി പറയാം..
ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുമ്പോള്‍ അതില്‍ നിന്നും കേന്ദ്രം പിരിക്കുന്ന നികുതിയാണ് ഐജിഎസ്ടി. കേന്ദ്രത്തിന്റെ ഐജിഎസ്ടി വരുമാനത്തില്‍ വര്‍ദ്ധനവ് വന്നിട്ടും കേരളത്തിന്റെ വിഹിതത്തില്‍ ആ വര്‍ദ്ധനവ് വരുന്നില്ല, അത് കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള തുകയാണ് എന്നാണല്ലോ കേരളത്തിന്റെ അവകാശം. ഇതേ കാര്യം വെച്ചു തന്നെയാണ് ഒരു രൂപ കേന്ദ്രം പിരിക്കുമ്പോള്‍ 25 പൈസ മാത്രമേ തിരിച്ചു കേരളത്തിന് തരുന്നൊള്ളൂ എന്നാ വ്യാജ പ്രചാരണവും ഇതേ കൂട്ടര്‍ നടത്താറ്.
വിഹിത ശതമാന കുറവ് വെച്ച് കേരളത്തില്‍ നിന്നും പിരിക്കുന്ന നികുതിയുടെ ചെറിയ ശതമാനമേ തിരിച്ചു തരുന്നൊള്ളൂ എന്നൊക്കെ പ്രചരിപ്പിക്കുന്നവര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കേരളത്തില്‍ നിന്നുള്ള ഐജിഎസ്ടി വരുമാനത്തില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് പറയാന്‍ പറ്റുമോ..?
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ജിഎസ്ടിയില്‍ വര്‍ദ്ധനവ് വരുമെന്നല്ലാതെ ഐജിഎസ്ടിയില്‍ കേരളത്തില്‍ എന്ത് വര്‍ദ്ധനവ് വരാനാണ്..?
എന്നിട്ട് ഇതൊക്കെ കേന്ദ്രം തരാനുള്ള വിഹിതമാണ് എന്ന് അവതരിപ്പിക്കുന്ന ബാലാ ഗോപാലനേയും അത് പ്രചരിപ്പിച്ചു നടക്കുന്ന പാര്‍ട്ടി പാണന്മാരെയും സമ്മതിക്കണം. അല്ലേലും പ്രബുദ്ധ കേരളത്തില്‍ പ്രബുദ്ധത കടലാസില്‍ മാത്രമാണെന്ന് അറിയാവുന്നവര്‍ ആണല്ലോ കമ്മികള്‍..
Discussion about this post