കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഇൻസ്‌പെക്ടറാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യയാണെന്ന് സ്ഥിരീകരിച്ചു. ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വിശദമായി ചോദ്യം ചെയ്തതോടെ ഭാര്യ അനിതയും മകൾ അനുപമയും തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തിൽ പങ്കാളികളാണെന്നും പത്മകുമാർ പോലീസിന് മൊഴിനൽകി. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയൽ കിഡ്നാപ്പിങ് ആണെന്നാണ് പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവർ മൊഴി നൽകി.
കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണെന്നാണ് കണ്ടെത്തൽ. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.

ആഡംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും വൻ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലോൺ ആപ്പുകളിൽ നിന്നടക്കം കുടുംബം വായ്പയെടുത്തിരുന്നു. ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തുകയായിരുന്നു.
Discussion about this post