ചെന്നൈ: മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഫോട്ടോയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20) കൊല്ലപ്പെട്ട കേസിൽ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ് മൻസിലിൽ ആഷിഖിനെയാണ് (21) അറസ്റ്റ് ചെയ്തത്.നഗരത്തിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയിൽ 2ാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായ ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്.
ഏതാനും ദിവസമായി ഇരുവരും ഹോട്ടലിൽ താമസിക്കുകയായിരു. ഇതിനിടെ ആഷിഖ് മറ്റൊരു പെൺകുട്ടിയോടൊത്തു നിൽക്കുന്ന ഫോട്ടോ ഫൗസിയ കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന. തുടർന്ന് ഫൗസിയയെ മർദിച്ച ആഷിഖ് ടീഷർട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ആക്കി. അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കിയെന്ന് പറഞ്ഞാണ് കൊലയ്ക്ക് ശേഷം പ്രതി മൃതദേഹത്തിന്റെ ഫോട്ടോടെയുത്ത് പ്രചരിപ്പിച്ചത്. ഈ ചിത്രങ്ങൾ ഇയാൾ വാട്ട്‌സ്ആപ്പിൽ സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ പിതാവിന് ഈ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു
ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ നാലുവർഷം മുൻപ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പോക്‌സോ കേസിൽ ആഷിഖ് അറസ്റ്റിലായി. അന്ന് പ്രായപൂർത്തിയല്ലാത്ത ഫൗസിയയെ ഗർഭിണിയാക്കിയതിനായിരുന്നു കേസ്.മൂന്ന് മാസത്തോളം തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് ആഷിഖ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇവർ തമ്മിൽ പിന്നീട് വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം അതിന് തയ്യാറായില്ല. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും കുഞ്ഞിനെ കർണാടക ചിക്കമഗളൂരുവിലെ അനാഥാലയത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post