എറണാകുളം: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികൾ. കേരളത്തിൽ നിന്നും 25 സന്യാസിമാരുടെ നേതൃത്വത്തിൽ വിവിധ ഹിന്ദു സാമുദായിക പ്രതിനിധികൾ ഉൾപ്പെടെ 100 പേർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആയിരുന്നു സംസ്ഥാന ഭാരവാഹികളായ വിജി തമ്പി, വി ആർ രാജശേഖരൻ, ജിജേഷ് പട്ടേരി എന്നിവർ ഇക്കാര്യങ്ങൾ അറിയിച്ചത്.
2024 ജനുവരി 22 നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. അന്നേദിവസം കേരളത്തിലെ 50 ലക്ഷം ഹിന്ദു വീടുകളിൽ പ്രതീകാത്മകമായി ഭദ്രദീപം തെളിയിക്കും. ശ്രീരാമചന്ദ്രൻ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ പ്രവേശിച്ചപ്പോൾ പ്രജകൾ ദീപം തെളിയിച്ച് സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രതീകം എന്ന നിലയ്ക്കാണ് കേരളത്തിലെ ഹിന്ദുക്കളുടെ വീടുകളിലും ഭദ്രദീപം തെളിയിക്കുന്നത് എന്നും രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
ജനുവരി ഒന്നു മുതൽ 15 വരെ ഭവനസമ്പർക്കം നടത്തും. അയോദ്ധ്യയിൽ നിന്നും പൂജിച്ച്‌കൊണ്ടുവന്ന അക്ഷതവം ഭവനത്തിൽ എത്തിക്കും. കേരളത്തിൽ നിന്നും 25 സന്യാസിമാരുടെ നേതൃത്വത്തിൽ ഹിന്ദുസാമുദായിക പ്രതിനിധികൾ ഉൾപ്പെടെ 100 പേർ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും.
പ്രണപ്രതിഷ്ഠ നടക്കുന്ന സമയത്ത് പ്രധാന ക്ഷേത്രങ്ങളിൽ രാമ ഭക്തർ ഒരുമിച്ച് കൂടി രാമമന്ത്രജപം, ആരി എന്നിവയോട് കൂടി തത്സമയം ചടങ്ങ് വീക്ഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Discussion about this post