കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ കെ എസ് യു പ്രവർത്തകനെ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. ആറ് പേർക്കെതിരെയാണ് ചോവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇസ്മയിൽ, അബിൻ, ഇനോഷ്, ശ്യാം, റിത്തിക്, യോഗേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സഞ്ജയ് എന്ന കെ എസ് യു പ്രവർത്തകനെ എസ് എഫ് ഐ പ്രവർത്തകർ സംഘം ചേർന്ന് തല്ലിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൻ തോതിൽ പ്രചരിച്ചിരുന്നു.
പ്രവർത്തകനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിട്ടും പോലീസ് കേസെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് കോളേജിൽ കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി കോളേജിൽ വിദ്യാർത്ഥി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് സംഭവങ്ങൾ എന്നാണ് വിവരം.
Discussion about this post