മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ തന്നെ പലവിധ എണ്ണകൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇക്കാര്യത്തിൽ ആദ്യ ശ്രദ്ധ നൽകേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ലഭിച്ചില്ലെങ്കിൽ മുടികൊഴിച്ചിൽ കൂടുതലായി സംഭവിക്കുന്നതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമിതവണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണ നിയന്ത്രണം നടത്തുമ്പോൾ ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ ധാരാളമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അപ്പോൾ മുടിയുടെ ആരോഗ്യത്തിനായി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിനുകൾ ബി 6, ബി 12, ഫോളിക് ആസിഡ് എന്നിവ മുടിയുടെ ആരോഗ്യത്തിന് ഏറെ ആവശ്യമുള്ള ഘടകങ്ങളാണ്. വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചീര എന്നീ ഭക്ഷണങ്ങളിൽ വിറ്റാമിനുകൾ ബി 6 ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവയാണ് ബി 12 ന്റെ പ്രധാന ഉറവിടങ്ങൾ. സിട്രസ് പഴങ്ങൾ, തക്കാളി, ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവയിലൂടെ എല്ലാം ഫോളിക് ആസിഡ് ലഭ്യമാകുന്നതാണ്.
ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടതും മുടിയുടെ ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. മത്സ്യം, ചിക്കൻ, മുട്ട, സോയ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിലൂടെ പ്രോട്ടീൻ ധാരാളമായി ലഭിക്കുന്നതാണ്. ഇരുമ്പ്, മഗ്നീഷ്യം , സിങ്ക്, ബയോട്ടിൻ തുടങ്ങിയ ധാതുക്കളും മുടിയുടെ ആരോഗ്യത്തിന് ഏറെ ആവശ്യകരമാണ്. ദിവസേന മുട്ട കഴിക്കുന്നത് ഈ പല ധാതുക്കളും ശരീരത്തിന് ലഭ്യമാകാൻ സഹായിക്കും. മുടിക്ക് ഏറെ ആവശ്യമായ ബയോട്ടിന്റെ ഒരു മികച്ച ഉറവിടമാണ് മുട്ട.
വിറ്റാമിൻ എ ധാരാളമടങ്ങിയ ക്യാരറ്റ്, ഇലക്കറികൾ എന്നിവയും മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇരുമ്പ്, സിങ്ക് എന്നിവ ധാരാളമടങ്ങിയ ഓട്സും മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ആണ് മുടിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട മറ്റൊരു ഭക്ഷണം.
വിറ്റാമിൻ ഇ ആണ് മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ മറ്റൊരു പ്രധാന പോഷകം. അവോക്കാഡോ, ഫ്ലാക്സ് സീഡ്, ചിയ സീഡ്, സൂര്യകാന്തി വിത്തുകൾ എന്നിവയെല്ലാം വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കൃത്യമായ പോഷകങ്ങൾ നൽകുന്നതിലൂടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും സാധിക്കുന്നതാണ്.
Discussion about this post