തിരുവനന്തപുരം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച കാനം, പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രൻറെ ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.തുടർന്ന് യുവജന സംഘടനാ രംഗത്തും സിപിഐയുടെ നേതൃത്വത്തിലും ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹം പ്രവർത്തിച്ചു.
എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1978-ൽ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982, 1987 വർഷങ്ങളിൽ വാഴൂരിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006-ൽ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 മാർച്ച് രണ്ടിനാണ് കാനം രാജേന്ദ്രൻ ആദ്യമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാകുന്നത്. 1982ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 7-ാമത് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി വീണ്ടും തിഞ്ഞെടുക്കപ്പെട്ടു
Discussion about this post