രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടി. ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളാണ് കേരളത്തിന് വമ്പൻ സ്കോർ സമ്മാനിച്ചത്.
കൃഷ്ണ പ്രസാദ് 137 പന്തിൽ 13 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 144 റൺസ് നേടി. രോഹൻ 95 പന്തിൽ 18 ഫോറുകളും ഒരു സിക്സും സഹിതം 120 റൺസ് നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ 34.1 ഓവറിൽ 218 റൺസ് കൂട്ടിച്ചേർത്തു. അവസാന നിമിഷം കൂറ്റൻ അടികളിലൂടെ വിഷ്ണു വിനോദും അബ്ദുൾ ബാസിത്തും സ്കോർ വീണ്ടും ഉയർത്തി. വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസ് നേടി. 4 സിക്സറുകളാണ് വിഷ്ണു പറത്തിയത്. അബ്ദുൾ ബാസിത് 18 പന്തിൽ 35 റൺസ് നേടി. ക്യാപ്ടൻ സഞ്ജു സാംസൺ 29 റൺസെടുത്ത് പുറത്തായി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരള ഓപ്പണർമാർ മഹാരാഷ്ട്ര ബൗളർമാരെ കണക്കിന് പ്രഹരിച്ചു. മനോജ് ഇംഗാലെ, രാമകൃഷ്ണ ഘോഷ്, അസിം കാസി എന്നിവർ നന്നായി തല്ല് വാങ്ങി. 10 ഓവറിൽ 56 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ പ്രദീപ് ദാധെ മാത്രമാണ് മഹാരാഷ്ട്ര ബൗളർമാരിൽ അൽപ്പമെങ്കിലും രക്ഷപ്പെട്ടത്.
Discussion about this post