ന്യൂഡൽഹി; തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവർത്തകർ തന്റെ വാഹനത്തിന് മുൻപിൽ ചാടി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നും അതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും ഗവർണർ ആവർത്തിച്ചു. കേരളത്തിൽ ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയ്ക്ക് തുടക്കമിടുകയാണ് ഇവരെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തന്റെ വാഹനത്തിന് മുൻപിൽ തൊട്ടടുത്ത് എസ്എഫ്‌ഐ പ്രവർത്തകർ നിൽക്കുന്ന പത്രവാർത്തയും ചിത്രവും ഉയർത്തിക്കാട്ടിയായിരുന്നു ഗവർണറുടെ മറുപടി.
രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുമ്പോൾ മൂന്ന് സ്ഥലങ്ങളിൽ, യൂണിവേഴ്‌സിറ്റിയുടെ അടുത്ത് എത്തുന്നതിന് മുൻപും ഗേറ്റിന് മുൻപിലും പ്രതിഷേധക്കാർ ഉണ്ടായിരുന്നു. പോലീസ് വാഹനങ്ങളിലാണ് ഈ സ്ഥലങ്ങളിലെല്ലാം പ്രതിഷേധക്കാരെ കൊണ്ടുവന്നത്. അറസ്റ്റ് ചെയ്ത ഇവരെ കൊണ്ടുപോയത് പോലീസ് ബസിൽ അല്ല. അവിടേക്ക് കൊണ്ടുവന്ന ജീപ്പുകളിലാണ് ഇവരെ പോലീസ് കൊണ്ടുപോയത്. ആരാണ് ആഭ്യന്തരമന്ത്രി? മുഖ്യമന്ത്രി തന്നെയാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ഗവർണർ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയാണെന്ന് മൂന്ന് ദിവസത്തിന് മുൻപും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എസ്എഫ്‌ഐ മാത്രമല്ല ഇവിടെയുളളത്. മറ്റ് വിദ്യാർത്ഥി സംഘടനകളും ഉണ്ട്. അവരാരും തനിക്കെതിരെ പ്രതിഷേധം നടത്തുന്നില്ല. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ഐപിസി സെക്ഷൻ 124 പ്രകാരണം ഗവർണറെ മറികടക്കാൻ ശ്രമിച്ചാൽ അത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഡൽഹിയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇന്നലെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം എന്ന വ്യാജേന ഗവർണറുടെ വാഹനം തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. സ്ഥലത്ത് വാഹനം നിർത്തി ഇറങ്ങിയ ഗവർണർ സംഭവത്തിൽ ശക്തമായ പ്രതികരിക്കുകയും ചെയ്തിരുന്നു.
Discussion about this post