ഇടുക്കി: അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.ശബരിമലയിലെ തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ലക്ഷത്തിലധികം ഭക്തർ ഒന്നിച്ചെത്തിയ ദിവസം പ്രതിസന്ധി രൂക്ഷമായി. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയിലെ ക്യൂ സിസ്റ്റത്തിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ തിരക്കാണ് ഇപ്പോഴുള്ളത്. ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോൾ ചില പ്രയാസങ്ങളുണ്ടാകും. അവ തരണം ചെയ്യാൻ വേണ്ട ഇടപെടൽ നടത്തിയിട്ടുണ്ട്. ഒരു ദിവസത്തിന്റെ പ്രശ്നമാണ്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താൻ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.
ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് തടസ്സമില്ലാതെ നോക്കുന്നുണ്ട്, പൊതുവെ സുഗമമായി തന്നെ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭക്തർ പല മാർഗങ്ങളിലൂടെ സന്നിധാനത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല. എങ്കിലും സ്വയം നിയന്ത്രിക്കാൻ ഭക്തർ തയാറാവണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മണിക്കൂറുകളോളം കാത്തുനിന്നിശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നതായാണ് റിപ്പോർട്ട്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്.
Discussion about this post