പന്തളം; മാലയിട്ട് കഠിനവൃതമെടുത്ത് ഇരുമുടി മുറുക്കി ഇറങ്ങിയാൽ പമ്പാ ഗണപതിയെ തൊഴുത് കരിമലയും നീലിമലയും അപ്പാച്ചിമേടുമൊക്കെ കടന്ന് അയ്യപ്പനെ കണ്ട് തിരിച്ചെത്തണമെന്നാണ് വിശ്വാസം. എന്നാൽ ഇത്തവണ ഇതെല്ലാം തെറ്റുകയാണ്. മണിക്കൂറുകളോളം കാത്തുനിന്നും വഴിയിൽ കുടുങ്ങിയും മടുത്ത് അയ്യനെ കാണാനുളള യാത്ര നിലയ്ക്കലും അതിനിപ്പുറവും വെച്ച് അവസാനിപ്പിച്ച് മടങ്ങുകയാണ് ഭക്തർ.
അയ്യപ്പദർശനം നടത്താനാകാതെ മടങ്ങുന്ന അയ്യപ്പൻമാരുടെ എണ്ണം ഉയരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പലരും മണിക്കൂറുകളോളം ക്യൂ നിന്ന് വലഞ്ഞ ശേഷമാണ് തിരിച്ചുപോകാൻ തീരുമാനിക്കുന്നത്. പലരും അയ്യപ്പന്റെ ജൻമനാടായ പന്തളത്ത് എത്തി ഇരുമുടിക്കെട്ട് അഴിച്ച് നെയ്‌തേങ്ങയിൽ നിറച്ച നെയ്യും മറ്റും അഭിഷേകം നടത്തി മടങ്ങുകയാണ്.
കരഞ്ഞുകൊണ്ടാണ് അയ്യപ്പദർശനം സാദ്ധ്യമാകാതെ പോയതിനെക്കുറിച്ച് അയ്യപ്പൻമാർ പ്രതികരിക്കുന്നത്. പന്തളത്ത് ഇങ്ങനെ മടങ്ങേണ്ടി വന്ന അമ്മ മാളികപ്പുറം പൊട്ടിക്കരഞ്ഞാണ് മാദ്ധ്യമപ്രവർത്തകയോട് അവസ്ഥ വിവരിച്ചത്. അയ്യപ്പനെ കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ടെന്നായിരുന്നു കണ്ണുനിറഞ്ഞ അമ്മയുടെ വാക്കുകൾ. പ്രായമായ അമ്മമാർ മല ചവിട്ടാൻ മാസങ്ങളോളം മുന്നൊരുക്കം നടത്തിയാണ് തയ്യാറാകുന്നത്. പലർക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാനാകാത്തതുകൊണ്ട് മക്കളുടെയും ഒക്കെ കൂടെയാണ് മലയ്ക്ക് പുറപ്പെടുന്നത്. ഇങ്ങനെ അയ്യപ്പനെ കാണാനിറങ്ങിയവർക്കാണ് നിരാശയോടെ മടങ്ങേണ്ടി വരുന്നത്.
വടക്കൻ ജില്ലകളിൽ നിന്ന് വന്നവർക്ക് പുറമേ കർണാടക, തമിഴ്‌നാട് തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നുളളവരും യാത്ര പാതി വഴിക്ക് ഉപേക്ഷിച്ച് മടങ്ങുകയാണ്. വലിയ സംഘങ്ങളായി എത്തിയവർ പോലും മടങ്ങുന്ന കാഴ്ച പന്തളം ക്ഷേത്രത്തിൽ കാണാം. വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി ഇരുമുടിക്കെട്ട് അഴിച്ച് നെയ്‌തേങ്ങ ഉടച്ച് അഭിഷേകം നടത്തി മടങ്ങുകയാണ് ഇവരിൽ അധികം പേരും.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകാനുളള ഒരു സംവിധാനവുമില്ലെന്നാണ് മടങ്ങിയെത്തുന്ന സ്വാമിമാർ പറയുന്നത്. തിരക്ക് നിയന്ത്രിക്കാനോ അയ്യപ്പൻമാർക്ക് സുഗമമായി ബസിൽ കയറുന്നതിനുളള സാഹചര്യം ഒരുക്കാനോ ഒന്നും സർക്കാരിന് സാധിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
Discussion about this post