കൊച്ചി: ഹാദിയ എന്ന അഖിലയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കെ എം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള പൊലീസിന് നോട്ടീസയച്ച് ഹൈക്കോടതി. അശോകന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐജി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കെ എം അശോകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഡിസംബര്‍ 18ന് ഡിവിഷന്‍ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കും. മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ഒരു മാസമായി കാണാനില്ലെന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കെ എം അശോകന്റെ പരാതി.
മലപ്പുറത്ത് മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്നും ഒരുമാസമായി കാണാനില്ലെന്നും അശോകന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു.
മൂന്നാം തീയതി ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണ് പരിസരത്തുള്ളവർ പറഞ്ഞത്. വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫിന്റെ വിവരങ്ങൾ അറിയില്ലെന്നും ഇതിനിടെ, മകൾ പറഞ്ഞിരുന്നെന്നും അശോകൻ ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ, ഷഫിനുമായി വിവാഹ മോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്തെന്നും ഹാദിയ ഒരു വിഡിയോയിൽ വെളിപ്പെടുത്തിയതായി ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. തുടക്കം മുതൽ തന്റെ പിതാവ് തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ഹാദിയ വീഡിയോയിൽ പറഞ്ഞിരുന്നു.
അതേസമയം, മലപ്പുറം സ്വദേശി എ എസ് സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണ് അശോകൻ ആരോപിക്കുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിൻ ജഹാനെ വിവാഹം കഴിക്കുകയും തുടർന്ന് ഹാദിയ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. സംഭവത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
Discussion about this post