കൊച്ചി: അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. ഹാദിയ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം പുനർവിവാഹം ചെയ്തെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഹാദിയ എന്ന അഖിലയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കെ എം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കെ എം അശോകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ഒരു മാസമായി കാണാനില്ലെന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കെ എം അശോകന്റെ പരാതി.
മലപ്പുറത്ത് മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്നും ഒരുമാസമായി കാണാനില്ലെന്നും അശോകന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു.
മൂന്നാം തീയതി ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണ് പരിസരത്തുള്ളവർ പറഞ്ഞത്. വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫിന്റെ വിവരങ്ങൾ അറിയില്ലെന്നും ഇതിനിടെ, മകൾ പറഞ്ഞിരുന്നെന്നും അശോകൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഷഫിനുമായി വിവാഹ മോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്തെന്നും ഹാദിയ ഒരു വിഡിയോയിൽ വെളിപ്പെടുത്തിയതായി ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. തുടക്കം മുതൽ തന്റെ പിതാവ് തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ഹാദിയ വീഡിയോയിൽ പറഞ്ഞിരുന്നു.
മലപ്പുറം സ്വദേശി എ എസ് സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണ് അശോകൻ ആരോപിക്കുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിൻ ജഹാനെ വിവാഹം കഴിക്കുകയും തുടർന്ന് ഹാദിയ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. സംഭവത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.
എന്നാൽ ഹാദിയ തടങ്കലിലല്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് കുടുംബവുമായി ജീവിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഹാദിയയുടെ മൊഴിയിൽ തന്‍റെ സ്വകാര്യത തകർക്കാനാണ് ഹർജിയെന്നും ആരോപിച്ചിട്ടുണ്ട്. ഹർജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ചാണ് കോടതി ഹർജി തീർപ്പാക്കിയത്.
Discussion about this post