പത്തനംതിട്ട: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിക്കുന്നത് തടയാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വടിയെടുത്ത് വിരട്ടിയോടിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ. പത്തനംതിട്ടയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയും മന്ത്രിമാരും പത്തനംതിട്ടയിലെ പരിപാടികൾക്ക് ശേഷം നവകേരള ബസിൽ അടൂരിലേക്ക് പോകുന്ന വഴിയിൽ എളമണ്ണൂരിൽ വെച്ചാണ് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ നിതിൻ ശിവയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി വീശിയത്.
മുദ്രാവാക്യം വിളിച്ച് കരിങ്കൊടി ഉയർത്തി പ്രതിഷേധം നടത്തുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കാനായി ഓടി വന്നത്. എന്നാൽ യുവമോർച്ചക്കാർ തിരിഞ്ഞതോടെ ഡിവൈഎഫ്‌ഐക്കാർ പിന്തിരിയുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട് കൂടിയാണ് ഈ പ്രദേശം. ഇവിടെ തന്നെ മുഖ്യന് കരിങ്കൊടി പ്രതിഷേധം നേരിടേണ്ടി വന്നത് പ്രാദേശിക തലത്തിൽ പാർട്ടിക്കും ക്ഷീണമായി.
കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിൽ ഉൾപ്പെടെ മുഖ്യമന്ത്രിയെയും കൂട്ടരെയും കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാരാണ് പോലീസിനൊപ്പം കായികമായി നേരിട്ടത്. മറ്റ് പലയിടത്തും ഇത് ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിൽ കായികമായി നേരിടാൻ ശ്രമിച്ചപ്പോഴാണ് യുവമോർച്ചക്കാർ തിരിച്ച് പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും പ്രതിഷേധക്കാർക്ക് സമീപം നിർത്തിയില്ല. ഇതും ഡിവൈഎഫ്‌ഐക്കാരെ പിന്തിരിപ്പിച്ചു. പത്തോളം യുവമോർച്ച പ്രവർത്തകരാണ് ഇവിടെ കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത്.
Discussion about this post