കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി .കൊല്ലം ചിന്നക്കടയ്ക്ക് സമീപത്തുള്ള ജറോം നഗറില്‍ ഇന്ന് രാവിലെയായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്.വടികള്‍ കറക്കി പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മുഖ്യമന്ത്രിയുടെ നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ കരിങ്കൊടി കാണിക്കാന്‍ എത്തിയത്.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാട്ടാന്‍ ശ്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെ പോലീസ് സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് ഉണ്ടായിരുന്നു. അടി കണ്ടിട്ടും ആദ്യം അനങ്ങാതിരുന്ന പോലീസ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് വ്യക്തമായതോടെ ഇടപെടുകയായിരുന്നു. നാളെ പോലീസ് സ്റ്റേഷനുകളിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 564 സ്റ്റേഷനുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം.
Discussion about this post