കാബൂൾ: പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചതിന്റെ ഒന്നാം വാർഷികത്തിൽ, സർവകലാശാലകൾ തുറന്ന് കൊടുക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ. താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം അഫ്ഗാനിസ്ഥാനിൽ 2022 ഡിസംബർ 20നാണ് പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിരോധിച്ചത്. അന്ന് പഠനം പാതിവഴിയിൽ മുടങ്ങിയ പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവരാണ് ഭീകര ഭരണകൂടത്തിനെതിരെ സമരത്തിന് തയ്യാറെടുക്കുന്നത്.
ഒരു വർഷമായി പലപ്പോഴായി നടത്തി വന്നിരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് ഏകീകൃത രൂപം നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥിനികൾ. അഫ്ഗാനിസ്ഥാനിലെ പ്രാകൃത ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര പിന്തുണ തേടുകയാണ് ഇവർ.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടി വരും തലമുറകളെ ഇരുട്ടിലേക്ക് നയിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ അവകാശ പ്രവർത്തകൻ സലിം പൈഗീർ അന്താരാഷ്ട്ര മാദ്ധ്യമത്തോട് പറഞ്ഞു. സാക്ഷരത മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും തലമുറകളുടെ പുരോഗതിക്കുള്ള അവസരമാണ് ഉന്നത വിദ്യാഭ്യാസ നിഷേധത്തിലൂടെ താലിബാൻ ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ സർവകലാശാലകളിൽ നിന്നും പുറത്താക്കിയ നടപടി ദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2001ൽ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം 5,000 ആയിരുന്നു. എന്നാൽ 2021ൽ ഇത് അഞ്ച് ലക്ഷമായി ഉയർന്നിരുന്നു. താലിബാൻ അധികാരമേറ്റെടുത്ത് പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിരോധിച്ചതോടെ, 2023ൽ ഇത് പൂജ്യമായി മാറിയതായി യുനെസ്കോ ചൂണ്ടിക്കാട്ടുന്നു.
Discussion about this post