ശബരിമല; പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർ നരകയാതന അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമലയിലേക്കുളള വഴികളിൽ
പോലീസ് പിടിച്ചിട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സർക്കാരിന്റെയും അധികൃതരുടെയും വീഴ്ച സമൂഹമാദ്ധ്യമങ്ങളിലൂടെ തുറന്നുകാട്ടിയത്.
സ്വാമിമാരുടെ വാഹനങ്ങൾ 10-12 മണിക്കൂറാണ് ബ്ലോക്കിൽ കിടക്കുന്നത്. 26-30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കഷ്ടപ്പാടുകൾ സഹിച്ചാണ് അയ്യപ്പഭക്തർ ദർശനം നടത്തുന്നത്. ടോയ്ലറ്റുകളോ ഭക്ഷണമോ വെള്ളമോ ഭക്തർക്ക് എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.
പമ്പ മുതൽ സന്നിധാനം വരെ 18 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നതിലും പോലീസ് പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. അയ്യപ്പൻമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഭക്തരുടെ പണത്തിൽ മാത്രമാണ് ദേവസ്വം ബോർഡിന്റെ കണ്ണ്. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മനുഷ്യത്വവിരുദ്ധമായ സമീപനത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരുമെന്നുറപ്പാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർദ്ധിച്ചതിനാൽ വഴിനീളെ തീർത്ഥാടകരുടെ വാഹനങ്ങൾ പോലീസ് പിടിച്ചിടുകയായിരുന്നു. ഇടത്താവളങ്ങളല്ലാത്ത പ്രദേശത്ത് പോലും പെരുവഴിയിൽ പോലീസ് തീർത്ഥാടകരുടെ വാഹനം തടഞ്ഞിട്ടതിനാൽ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാത്ത സ്ഥിതിയിലായിരുന്നു. പത്തനംതിട്ട നഗരത്തിലെ ഇടത്താവളം, പാലാ, പൊൻകുന്നം, ഏറ്റുമാനൂർ, കാഞ്ഞിരപ്പളളി, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ പോലും മുൻപെങ്ങുമില്ലാത്ത വിധത്തിൽ പോലീസ് തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു.
Discussion about this post