ആലപ്പുഴ: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻമന്ത്രി ജി സുധാകരൻ. രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5 ശതമാനമായെന്നും അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5 ശതമാനമായി. കേരളത്തിൽ 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി ക്ഷമയോടെ നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള് കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എം എൽ എ പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആളുകൾക്ക് ഓർമയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. അതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ പോകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഞ്ചാറ് പേർ മാത്രം കെട്ടിപ്പിടിച്ച് കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ? അങ്ങനെ പാർട്ടി വളരുമെന്ന് ചിലർ കരുതുകയാണ്. തെറ്റാണത്. ഇങ്ങനെയൊന്നുമല്ല. അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാർട്ടിയ്ക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാവുന്നില്ലെങ്കിൽ നിയമസഭയിലേയ്ക്ക് എങ്ങനെ ജയിക്കും? മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. എന്നാൽ ആലപ്പുഴയിൽ എങ്ങുമില്ല. മറ്റുള്ളവർക്ക് കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post