കൊച്ചി: ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ന് രാത്രി എട്ട് മുതൽ പുതുവർഷത്തിൽ രാവിലെ ആറ് മണി വരെ പെട്രോൾ പമ്പുകൾ അടച്ചിടാനുളള തീരുമാനത്തിൽ കെഎസ്ആർടിസി പെട്രോൾ പമ്പുകൾ ജനങ്ങൾക്ക് ആശ്വാസമാകും. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആർടിസിയുടെ യാത്രാഫ്യുവൽസ് ഉളളത്. ഈ ഔട്ട്‌ലെറ്റുകൾ എന്നത്തേയും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഈ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
പുതുവർഷ ആഘോഷങ്ങളുടെ മറവിൽ പെട്രോൾ പമ്പ് ജീവനക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഡിസംബർ 31 ന് രാത്രി എട്ട് മുതൽ ജനുവരി ഒന്നിന് പുലർച്ചെ ആറ് വരെ പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികളുടേതാണ് തീരുമാനം.
ആശുപത്രികളിലെ ഗുണ്ടാ ആക്രമണം നേരിടാൻ സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പെട്രോൾ പമ്പുകളിലെ ജീവനക്കാർക്കെതിരായ ആക്രമണങ്ങളും നേരിടാൻ നിയമം വേണമെന്നാണ് സംഘടനയുടെ ആവശ്യം. സ്വകാര്യ പമ്പുകൾ അടച്ചിടുമ്പോൾ കെഎസ്ആർടിസി യാത്രാഫ്യുവൽസ് തുറക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അധികവരുമാനവും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്.
Discussion about this post