ടോക്കിയോ; ജപ്പാനിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ബുളളറ്റ് ട്രെയിൻ സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവെച്ചു. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് ഉൾപ്പെടെ നൽകിയിരുന്നെങ്കിലും അപകടസമയം പിന്നിട്ടതോടെ അതിതീവ്ര സുനാമിക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാറ്റിയിട്ടുണ്ട്.
ഇഷികാവ പ്രവിശ്യയിലാണ് പ്രാദേശിക സമയം നാല് മണിയോടെ ഭൂചലനം ഉണ്ടായത്. ടൊയാമ ഉൾപ്പെടെയുളള നഗരങ്ങളിലാണ് തീവ്രമായി അനുഭവപ്പെട്ടത്. ശക്തമായ കുലുക്കത്തിന് ശേഷം ഒന്നര മണിക്കൂറിൽ 21 തുടർചലനങ്ങളും ഉണ്ടായി. കെട്ടിടങ്ങൾ നിലംപതിച്ചതോടെ ആളുകൾ പരിഭ്രാന്തരായി. റോഡുകൾക്കും കേടുപാട് സംഭവിച്ചു.
ഭൂചലനത്തിന് ശേഷം ജപ്പാൻ തീരത്ത് അഞ്ച് മീറ്ററോളം ഉയരത്തിൽ തിരമാല ഉയർന്നുപൊങ്ങിയതായാണ് റിപ്പോർട്ട്. 2011 മാർച്ചിൽ 20,000 ത്തോളം പേരുടെ ജീവൻ കവർന്ന സുനാമിയുടെ നടുക്കുന്ന ഓർമ്മകൾ ഉളളതിനാലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്ന നിരവധി പേർക്ക് വീട് വിട്ട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുളളൂവെന്ന് അധികൃതർ വ്യക്തമാക്കി. ഇഷികാവയിൽ 30,000 ത്തോളം ജനങ്ങൾക്ക് വൈദ്യുതി മുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 മാർച്ചിൽ ആണവ നിലയം സ്ഥിതി ചെയ്യുന്ന ഫുക്കുഷിമ ഉൾപ്പെടുന്ന കിഴക്കൻ ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും ആളപായം കുറവായിരുന്നു.
അതേസമയം മുൻകരുതൽ നടപടികളുടെ ഭാഗമായി റഷ്യയും ഉത്തര -ദക്ഷിണ കൊറിയകളും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഗാങ് വോണിൽ ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post