കൊച്ചി; സൗദിയിലെ ബാങ്കുവിളിയെക്കുറിച്ച് നടത്തിയ പരാമർശം മണിക്കൂറുകൾക്കകം തിരുത്തിയ മന്ത്രി സജി ചെറിയാൻ ക്രൈസ്തവ പുരോഹിതൻമാരെയും മതമേലധ്യക്ഷൻമാരെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കെസിബിസി ഉൾപ്പെടെ മന്ത്രിക്കെതിരെ പരസ്യമായി പ്രതികരണം നടത്തിയിട്ടും ക്ഷമാപണം നടത്താനോ തിരുത്താനോ സജി ചെറിയാൻ തയ്യാറായില്ല.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യമായിരുന്നു സൗദിയിലെ ബാങ്കുവിളിയെക്കുറിച്ച് സജി ചെറിയാന്റെ വിവാദ പ്രസ്താവന. ‘സൗദിയിൽ പോയപ്പോൾ അവിടെ തീവ്രവാദികളായ ആളുകളാകുമെന്ന് വിചാരിച്ചു. എക്‌സ്ട്രീം ആയിട്ടുളള വിശ്വാസികളാണ്. എന്നാൽ പോയ ഒരിടത്തും ബാങ്കുവിളി പുറത്ത് കേട്ടില്ല. കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്തുകേട്ടാൽ വിവരമറിയുമെന്നാണ് പറഞ്ഞത്. അവർക്ക് അവരുടെ വിശ്വാസത്തിൽ ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷെ പൊതുയിടത്തിൽ ശല്യമാണ്. അത് പാടില്ല, അതാണ് നിയമം’ എന്നായിരുന്നു സജി ചെറിയാന്റെ അന്നത്തെ വാക്കുകൾ.
എന്നാൽ മുസ്ലീം സമുദായം പ്രതിഷേധമുയർത്തിയതോടെ അടുത്ത ദിവസം തന്നെ പ്രസ്താവന തിരുത്താൻ സജി ചെറിയാൻ നിർബന്ധിതനായി. മുസ്ലീം പ്രീണനത്തിനായി മത്സരിക്കുന്ന പാർട്ടിക്കുള്ളിൽ നിന്നുളള സമ്മർദ്ദവും ഇതിന് പിന്നിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. പരാമർശം തെറ്റായ വിവരത്തിൽ നിന്ന് ലഭിച്ചതാണെന്നും മതസൗഹാർദ്ദത്തിന്റെ മികച്ച മാതൃക സൗദിയിൽ കാണാൻ കഴിഞ്ഞുവെന്നും പറഞ്ഞാണ് സജി ചെറിയാൻ മലക്കം മറിഞ്ഞത്.
പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ അടക്കമുളളവരെയാണ് സജി ചെറിയാൻ പൊതുവേദിയിൽ അവഹേളിച്ചത്. വിരുന്നിൽ കേക്കിന്റെ പീസും മുന്തിരി ഇട്ടു വാറ്റിയ സാധനവും കഴിച്ച് മടങ്ങുകയായിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. ബിജെപി നേതാക്കൻമാർ വിളിച്ചാൽ ചില ബിഷപ്പുമാർക്കൊക്കെ പ്രത്യേക രോമാഞ്ചമാണെന്നും രോമാഞ്ചം കൂടിയാണ് ചിലർ ഡൽഹിക്ക് പോയതെന്നും സജി ചെറിയാൻ പറഞ്ഞു. സംഭവത്തിൽ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സജി ചെറിയാന്റെ വാക്കുകൾ അപക്വവും തരംതാഴ്ന്നതുമാണെന്ന് കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പ്രസ്താവനയിൽ തുറന്നുപറഞ്ഞിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണത്തെ ക്രൈസ്തവ നേതൃത്വം സ്വീകരിക്കുന്നത് രാജ്യത്തോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗംകൂടിയാണ്. അതിനെ തരംതാണ രാഷ്ട്രീയ കണ്ണുകളോടെ വീക്ഷിക്കുകയും, അപക്വമായ പരാമർശങ്ങൾ നടത്തുകയും, അവഹേളനത്തിനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് അപലപനീയമാണണെന്ന് ആയിരുന്നു കെസിബിസിയുടെ പ്രതികരണം.
എന്നാൽ വിശ്വാസികളിൽ നിന്നും സഭാ നേതൃത്വങ്ങളിൽ നിന്നും പ്രതിഷേധമുയർന്നിട്ടും പ്രസ്താവന തിരുത്താനോ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കാനോ സജി ചെറിയാൻ തയ്യാറായിട്ടില്ല. ക്രൈസ്തവ സമൂഹത്തോട് വളരെക്കാലമായി സിപിഎം പുലർത്തുന്ന ചിറ്റമ്മ നയത്തിന്റെ തെളിവാണിതെന്നും വിമർശനം ഉയരുന്നുണ്ട്. അടുത്തിടെ സഭയിലെ സന്യാസ സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിന് അനുമതി നൽകിയ വിഷയത്തിൽ ഉൾപ്പെടെ ഇടതുപക്ഷ സർക്കാരിനെതിരെ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്ത് വന്നിരുന്നു.
Discussion about this post