എറണാകുളം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നാടെങ്ങും പ്രഹസനം തുടർന്ന് പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷയെക്കരുതി യുവാവിന്റെ പക്കൽ നിന്നും പുത്തൻ ചെരുപ്പ് പോലീസ് പിടിച്ചെടുത്തു. മുളന്തുരുത്തിയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
മുഖ്യമന്ത്രിയും സംഘവും നവകേരള സദസ്സിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പിറവം നിയോജക മണ്ഡലത്തിൽ ആയിരുന്നു പരിപാടി. ഇവിടേയ്ക്ക് പോകുന്ന വഴിമദ്ധ്യേയുള്ള ഷെഡ്ഡിൽ ഇരുന്ന് ചെരുപ്പ് വാങ്ങി വന്നതിന് ശേഷം സംസാരിക്കുകയായിരുന്നു യുവാവ്. ഇതിനിടെ അവിടെയെത്തിയ പോലീസ് യുവാവിന്റെ പക്കൽ നിന്നും ചെരുപ്പ് വാങ്ങി കൈവശം വയ്ക്കുകയായിരുന്നു. നവകേരള ബസ് കടന്നു പോകുന്നതിന് അരമണിക്കൂർ മുൻപായിരുന്നു സംഭവ വികാസങ്ങൾ അരങ്ങേറിയത്.
ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡ്ഡിലായിരുന്നു യുവാവ് ഉണ്ടായിരുന്നത്. സുരക്ഷയുടെ ഭാഗമായി ഈ ഷെഡ്ഡ് പോലീസ് നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ചെരുപ്പ് വാങ്ങി യുവാവും സുഹൃത്തും ഇവിടേയ്ക്ക് എത്തിയത്. കയ്യിൽ ചെരുപ്പ് കടയുടെ കവർ കണ്ടതോടെ മുഖ്യമന്ത്രിയെ ആക്രമിക്കാനാണെന്ന സംശയം പോലീസിന് ബലപ്പെട്ടു. ഇതേ തുടർന്നാണ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി പോയതിന് ശേഷം ചെരുപ്പ് പോലീസ് യുവാവിന് കൈമാറി.
Discussion about this post