കോട്ടയം: മൂവാറ്റുപുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ചങ്ങാനാശ്ശേരിയിൽ നിന്നാണ് 12 വയസ്സുകാരിയായ അളകനന്ദയെ കണ്ടെത്തിയത്. കുട്ടിയെ ബന്ധുക്കളെ ഏൽപ്പിക്കും.
പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ചങ്ങാനശ്ശേരിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. ഇവിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് കുട്ടിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി.
വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവരെത്തിയാൽ തുടർ നടപടികൾ സ്വീകരിച്ച് കുട്ടിയെ കൈമാറും. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം വീട്ടുകാർ കുട്ടിയെ ശകാരിച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിൽ കുട്ടി വീടുവിട്ട് ഇറങ്ങിയതാണെന്നാണ് സൂചന.
വൈകീട്ട് മുതലാണ് കുട്ടിയെ കാണാതെ ആയത്. സ്‌കൂളിൽ വാർഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. ഇതേ സ്‌കൂളിലാണ് കുട്ടിയുടെ സഹോദരൻ പഠിക്കുന്നത്. എന്നാൽ സഹോദരനെ കൊണ്ട് പോയില്ല. ഏറെ നേരമായിട്ടും കുട്ടി വീട്ടിൽ തിരിച്ച് എത്താതിരുന്നതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post