ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം ഇന്ത്യ- ഫ്രാൻസ് ബന്ധത്തിൽ ഏറെ നിർണായകമായേക്കും. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുക കൂടി ലക്ഷ്യമിട്ടാണ് മാക്രോണിന്റെ ഇന്ത്യാ സന്ദർശനം എന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൈക്കൊള്ളുന്ന നിർണായക തീരുമാനങ്ങൾ ഇരു രാജ്യങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുകയും ബന്ധം ദൃഢമാക്കുകയും ചെയ്യും.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കുകയും, റഫേൽ വിമാനങ്ങളും, സ്‌കോർപീൻ അന്തർവാഹിനികൾ വാങ്ങുന്നതിനായുള്ള കരാരിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയം ആകും. ഇതിന് പുറമേ പ്രതിരോധ മേഖലയിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളും ചർച്ച ചെയ്യും.
നിലവിൽ മഹാരാഷ്ട്രയിലെ ജയ്താപൂരിൽ ഫ്രാൻസ് ന്യൂക്ലിയർ കോംപ്ലക്‌സ് നിർമ്മിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യും. സോളാർ എനർജി ഉപയോഗം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികളിൽ ഇരു രാജ്യങ്ങളും ഏർപ്പെടുമെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ധാരണയാകും.
ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ സാമ്പത്തിക സഹകരണവും മുഖ്യ ചർച്ചാ വിഷയം ആകുമെന്നും റിപ്പോർട്ടുകളുണ്ട്. യുക്രെയ്ൻ- റഷ്യ സംഘർഷവും, ഇസ്രായേൽ- ഹമാസ് പോരാട്ടവും ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ആയിട്ടുണ്ട്. ഇത് മറി കടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യും. ഇന്തോ- പസഫിക് മേഖലയിലെ ചൈനയുടെ അപകടകരമായ കടന്നു കയറ്റവും ഇരു നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകും. ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷയ്ക്കായി നാവിക സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണയിലെത്തും.
Discussion about this post