ടവ്വലുകളും ബെഡ്ഷീറ്റുകളും എല്ലാ ദിവസവും അലക്കുന്നവര്‍ നമ്മുടെ നാട്ടില്‍ വിരളമായിരിക്കും. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴാണ് മിക്കവരും ഇവ അലക്കുന്നത്. മാസങ്ങളോളം ഇവ അലക്കാതെ മടിപിടിച്ചിരിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ശരിക്കും ഇവ അലക്കേണ്ടത് എത്ര ദിവസം കൂടുമ്പോഴാണ് എന്ന് അറിയാമോ?
ബെഡ് ഷീറ്റുകളും ടവ്വലുകളും വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ അലക്കേണ്ട ഇടവേളകളും വ്യത്യസ്തമാണ്. ബെഡ് ഷീറ്റുകള്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടുമ്പോള്‍ അലക്കിയാല്‍ മതിയാകും. എന്നാല്‍ ടവ്വലുകള്‍ ഇടയ്ക്കിടെ, അതായത് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അലക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ കാരണങ്ങളും അവര്‍ തന്നെ വിശദീകരിക്കുന്നു.
ടവ്വല്‍ ഉപയോഗിച്ച് നിങ്ങള്‍ ശരീരം തുടയ്ക്കുമ്പോള്‍ ആയിരക്കണക്കിന് മൃതകോശങ്ങളും ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ടവ്വലില്‍ നിക്ഷേപിക്കപ്പെടുന്നത്. മാത്രമല്ല, കുളിച്ച ശേഷം ടവ്വല്‍ ഉപയോഗിച്ച് ദേഹം തുടയ്ക്കുന്നതിനാല്‍ അവ മിക്കപ്പോഴും നനഞ്ഞായിരിക്കും ഇരിക്കുക.
ഇതേ പോലെ, ഓരോ രാത്രിയും നിങ്ങള്‍ കിടന്ന് ഉറങ്ങുമ്പോള്‍ വലിയ അളവില്‍ മൃതകോശങ്ങളും സൂക്ഷ്മാണുക്കളും വിയര്‍പ്പും എണ്ണകളും ബെഡ്ഷീറ്റില്‍ പറ്റിപ്പിടിക്കുന്നു. രാത്രി അമിതമായി വിയര്‍ക്കുന്ന പ്രകൃതക്കാരാണ് നിങ്ങളെങ്കില്‍, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ ബെഡ്ഷീറ്റ് നനഞ്ഞിട്ടുണ്ടാകും എന്നതും ഉറപ്പാണ്.
ഷീറ്റുകളേക്കാള്‍ കട്ടി കൂടിയ തുണികൊണ്ടാണ് ടവ്വലുകള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ കൂടുതല്‍ സമയം അവ നനഞ്ഞിരിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ഈ നനവ് എങ്ങനെയാണ് പ്രശ്നമാകുന്നത് എന്ന് നോക്കാം.
നനഞ്ഞ ടവ്വലുകള്‍ ബാക്ടീരിയകളുടെയും പൂപ്പലുകളുടെയും വിളനിലമാണ്. പലപ്പോഴും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത തരം പൂപ്പലുകള്‍ ടവ്വലുകളില്‍ പറ്റിപ്പിടിച്ച് വളരുന്നു. നനഞ്ഞ ടവ്വലുകള്‍ക്ക് മുഷിഞ്ഞ ഗന്ധം ഉണ്ടാകുന്നത് ഇവയുടെ പ്രവര്‍ത്തന ഫലമായാണ്. ടവ്വലുകളില്‍ വളരുന്ന ഇത്തരം സൂക്ഷ്മാണുക്കള്‍ ആസ്ത്മ, ചര്‍മ്മ രോഗങ്ങള്‍, മറ്റ് അലര്‍ജികള്‍ എന്നിവയ്ക്കും കാരണമാകുന്നു.
പകല്‍ മുഴുവന്‍ ഉള്ള അലച്ചിലിന് ശേഷം രാത്രിയില്‍ കുളിച്ചിട്ട് ഉറങ്ങാന്‍ കിടക്കുന്നവരാണ് മിക്ക മലയാളികളും. അതിനാല്‍ ബെഡ്ഷീറ്റുകള്‍ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ അലക്കിയാല്‍ മതിയാകും. അതേസമയം ടവ്വലുകളും മുഖം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തൂവാലകളും ഇടയ്ക്കിടെ അലക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
മുഖം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തൂവാലകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകി ഉണക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇടയ്ക്കിടെ നനയുന്നതിനാല്‍ ഇവയില്‍ കൂടുതല്‍ മൃതകോശങ്ങളും സൂക്ഷ്മാണുക്കളും വാസമുറപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
ടവ്വല്ലുകളും മുഖം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തൂവാലകളും കഴുകി വെയിലില്‍ നന്നായി ഉണക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. ഇവ അലക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ക്കുന്നതും നല്ലതാണ്. സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും ദുര്‍ഗന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്.
പാശ്ചാത്യ രാജ്യങ്ങളിലൊക്കെ സ്വയം ശുചീകരിക്കുന്ന ടവ്വലുകളും ഷീറ്റുകളും വിപണിയില്‍ ലഭ്യമായി തുടങ്ങി എന്നത് കൗതുകകരമായ ഒരു കാര്യമാണ്. അതിവേഗം ഉണങ്ങുന്ന ഇവ സിന്തറ്റിക് മെറ്റീരിയലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏറെക്കാലം നനഞ്ഞിരുന്നാലും ദുര്‍ഗന്ധം വമിക്കാത്ത തരത്തില്‍, സൂക്ഷ്മാണുക്കളെ സ്വയം നശിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. ഏതായാലും ഇവ നമ്മുടെ നാട്ടില്‍ എത്തുന്നത് വരെ കൃത്യമായ അലക്ക് മാത്രമാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം.
Discussion about this post