മധ്യപൂർവ്വ ദേശത്തു നിന്നും ഇന്ത്യയിലേക്ക് എത്തിയ ഭക്ഷണ വസ്തുക്കളിൽ ഒന്നാണ് ഗ്രീൻപീസ്. തുർക്കി, ഇറാഖ് എന്നിവിടങ്ങളിലാണ് ഗ്രീൻപീസിന്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ആക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുള്ളവയാണ് ഗ്രീൻപീസ്. കണ്ണിന്റെ ആരോഗ്യം മുതൽ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ കാക്കാൻ ഗ്രീൻപീസ് സഹായിക്കുന്നതാണ്.
അയൺ, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ കെ, എ, ഇ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഗ്രീൻപീസ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നതാണ്. കാൽസ്യം മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ഗ്രീൻപീസ് ഏറെ ഗുണകരമാണ്.
ഗ്രീൻപീസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. കൂടാതെ ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകൾ തിമിരം പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും കണ്ണുകളെ കൂടുതൽ കാലം സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മികച്ച രോഗപ്രതിരോധശേഷി കൈവരിക്കാനും ഗ്രീൻപീസിന്റെ പതിവായുള്ള ഉപയോഗംകൊണ്ട് സാധിക്കുന്നതാണ്.
മറ്റു പല പയർ വർഗ്ഗങ്ങളെയും അപേക്ഷിച്ച് ഗ്രീൻപീസിൽ ധാരാളം ആന്റി ഇൻഫ്ളമേറ്ററി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഗ്രീൻപീസ് കഴിക്കുന്നത് ഉത്തമമാണ്. അന്നജത്തിന്റെ വിഘടിക്കൽ സാവധാനം ആക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യാനുള്ള കഴിവ് ഗ്രീൻപീസിന് ഉള്ളതുകൊണ്ടാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഗ്രീൻപീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്
Discussion about this post