എറണാകുളം: മഹാരാജാസ് കോളേജിൽ അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ആക്രമണം. അറബി വിഭാഗം അദ്ധ്യാപകൻ ആയ നിസാമുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ നിസാമുദ്ദീൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടാം വർഷ ബിഎ അറബിക് വിദ്യാർത്ഥിയാണ് നിസാമുദ്ദീനെ ആക്രമിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ധ്യാപകനെ പുറകിൽ നിന്നും അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് കയ്യിൽ കരുതിയിരുന്ന കൂർത്ത വസ്തുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. നിലത്ത് വീണ അദ്ധ്യാപകനെ വിദ്യാർത്ഥികളും മറ്റ് അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥിയുടെ പക്കൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിദ്യാർത്ഥിയും അദ്ധ്യാപകനും തമ്മിൽ ഇന്റേണൽ മാർക്കും അറ്റൻഡൻസുമായും ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം. സംഭവത്തിൽ പോലീസ് എത്തി അദ്ധ്യാപകന്റെ മൊഴിയെടുത്തു. വിദ്യാർത്ഥിയ്‌ക്കെതിരെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന.
Discussion about this post