തിരുവല്ല: മുൻ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ഒളിയമ്പുമായി സിപിഎം നേതാവ് ജി സുധാകരൻ. ആരാണ് ഈ ചീച്ചറമ്മ എന്നാണ് ജി സുധാകരന്റെ ചോദ്യം. ഒരമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ലെന്നും മന്ത്രിയാകാത്തതിനു വേദനിക്കേണ്ടതില്ലെന്നും പറഞ്ഞു. ശൈലജയെ ചിലർ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.ആരാ ഈ ടീച്ചറമ്മയെന്ന് ചോദിച്ച സുധാകരൻ രചനകളിൽ യഥാർത്ഥ പേര് പറഞ്ഞാൽ മതിയെന്നും പറഞ്ഞു.
ആരാണ് ഈ ടീച്ചറമ്മ? അങ്ങനെയൊരു അമ്മ കേരളത്തിൽ ഇല്ലല്ലോ. ആരാണിത്? എനിക്കു മനസ്സിലായില്ല. ഒരു അമ്മയ്ക്കും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാൽ മതി. പ്രത്യേക ആൾ മന്ത്രിയായില്ലെങ്കിൽ വേദനിക്കേണ്ട കാര്യമില്ല. മന്ത്രിയാവേണ്ട ആരെല്ലാം കേരളത്തിൽ ഇതുവരെ മന്ത്രിമാരായിട്ടുണ്ട്? കഴിവുള്ള എത്രപേർ മന്ത്രിമാരാകാതെ ഇരുന്നിട്ടുണ്ട്? ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം.
ഒരു എംഎൽഎ ഉള്ള പാർട്ടിയിൽനിന്നൊക്കെ മന്ത്രിമാരുണ്ടാകാം. അതിനെപ്പറ്റിയല്ല പറയുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാർട്ടികളിൽനിന്നു മന്ത്രിമാരാകണമെങ്കിൽ പ്രസ്ഥാനത്തിനു വേണ്ടി കുറച്ചുകാലം പോരാടണം. ജനങ്ങളുടെ സ്‌നേഹം ആർജിക്കണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം. സഹാനുഭൂതിയല്ല മന്ത്രിസ്ഥാനം. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനത്തിനുള്ള യോഗ്യത. പ്രസ്ഥാനത്തെ വളർത്തി, അഭിപ്രായങ്ങൾ ധൈര്യമായി പറഞ്ഞ്, പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിൽക്കണം
പാർട്ടിയിൽ അച്ചടക്കത്തിന് പ്രാധാന്യമുണ്ട്. മനസ്സിൽ എതിരഭിപ്രായം ഉണ്ടെങ്കിലും അച്ചടക്കമുള്ളതിനാൽ മിണ്ടാതിരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. എം ടി പഠിപ്പിക്കാൻ വരേണ്ട എന്ന് പറഞ്ഞിട്ടില്ല. ഒളിഞ്ഞു നിന്ന് താൻ അഭിപ്രായം പറയില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
Discussion about this post